ഇത്രയധികം വിമാനങ്ങൾ റദ്ദാക്കാൻ കാരണമായ പ്രതിസന്ധിക്ക് ഉത്തരവാദി ഇൻഡിഗോയുടെ ആഭ്യന്തര സംവിധാനത്തിലെ പിഴവാണെന്നും രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടി നൽകവെ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു

ദില്ലി: രാജ്യവ്യാപകമായി വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വലിയ പ്രതിസന്ധിയിലായ ഇൻഡിഗോ എയർലൈൻസ് ഇതുവരെ 827 കോടി രൂപ റിഫണ്ട് നൽകിയതായി വ്യോമയാന മന്ത്രാലയം. നവംബർ 21 മുതൽ ഡിസംബർ 7 വരെയുള്ള കാലയളവിൽ വിമാന സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് തിരികെ നൽകേണ്ടിയിരുന്ന തുകയാണ് തിരികെ നൽകിയത്. ഈ ദിവസങ്ങളിലുണ്ടായ ഇൻഡിഗോ പ്രതിസന്ധി 5.8 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇത്രയധികം വിമാനങ്ങൾ റദ്ദാക്കാൻ കാരണമായ പ്രതിസന്ധിക്ക് ഉത്തരവാദി ഇൻഡിഗോയുടെ ആഭ്യന്തര സംവിധാനത്തിലെ പിഴവാണെന്നും രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടി നൽകവെ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വിശദീകരിച്ചു. രാജ്യത്തെ വ്യോമയാന വിപണിയിൽ 60 ശതമാനത്തിലധികം ഓഹരിയുള്ള ഇൻഡിഗോയെക്കുറിച്ച് ഉയർന്ന ചോദ്യത്തിന് മറുപടിയായി, വ്യോമയാന മേഖലയിൽ കൂടുതൽ കമ്പനികൾ ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കടുത്ത നിലപാടെടുക്കുമെന്ന് ഉറപ്പ്…

ഇൻഡിഗോ പ്രതിസന്ധിയിൽ കടുത്ത നിലപാടെടുക്കുമെന്ന് ഉറപ്പ് നൽകിയ മന്ത്രി, അന്വേഷണത്തിന് ശേഷം വിമാനക്കമ്പനിക്കെതിരെ എടുക്കുന്ന നടപടി മറ്റ് എയർലൈനുകൾക്ക് ഒരു മാതൃകയാവുമെന്നും പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ സർവീസുകൾ റദ്ദാക്കുന്നത് തുടരുകയാണ്. ഏഴാം ദിവസമായ തിങ്കളാഴ്ചയും ഏകദേശം 500 ഇൻഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. 

കേന്ദ്ര സർക്കാർ കടുത്ത നിലപാടിലേക്ക്

യാത്രാവിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഇൻഡിഗോ എയർലൈൻസിനെതിരെയുള്ള വിമർശനം ശക്തമായതോടെ കേന്ദ്ര സർക്കാർ കടുത്ത നിലപാടിലേക്ക് കടക്കുമെന്നതിന്റെ സൂചനകളും നൽകിയിട്ടുണ്ട്. വിമാനക്കമ്പനിക്കെതിരെ നടപടിക്ക് നീക്കം തുടങ്ങിയ കേന്ദ്രം, വിമാന ടിക്കറ്റുകൾക്ക് പരമാവധി വില പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധി മുതലെടുത്ത് അമിത നിരക്ക് ഈടാക്കിയ മറ്റ് വിമാനക്കമ്പനികൾക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം നോട്ടീസ് നൽകി.