പ്രതിരോധം ദുര്‍ബലമാകരുത്; പരിശോധനയും സാമൂഹിക അകലവും കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി

By Web TeamFirst Published May 20, 2021, 1:32 PM IST
Highlights

 അതേസമയം മുഖ്യമന്ത്രിമാരെ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിക്കാതെ അവഹേളിച്ചുവെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു.

ദില്ലി: പുതിയ വെല്ലുവിളികള്‍ നേരിടാൻ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി. കൊവിഡില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കണമെന്നും കേസുകള്‍ കുറഞ്ഞാലും  പ്രതിരോധം ദുര്‍ബലമാകരുതെന്നും ജില്ലാ മജിസ്ട്രേറ്റുമാരുടെ യോഗത്തില്‍ മോദി പറഞ്ഞു. വൈറസിന് വായുവിലൂടെ പത്തുമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ മുന്നറയിപ്പ് നല്‍കി.

കൊവിഡ്‍ കേസുകള്‍ കൂടിയ പത്ത് സംസ്ഥാനങ്ങളിലെ 54 ജില്ലാ മജിസ്ട്രേറ്റുമാരും മഹാമാരി പ്രതിരോധരംഗത്തെ ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. രാജ്യത്ത് കൊവിഡ് പരിശോധനയും സാമൂഹിക അകലവും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും വാക്സീന്‍ പാഴാക്കുന്നത് അവസാനിപ്പിക്കാനാകണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

മൂക്കിലൂടെയുള്ള സ്രവത്തിലൂടെയും ഉമിനീരിലൂടെയുമെല്ലാമാണ് പ്രാഥമികമായി വൈറസ് പടരുന്നതെന്നും വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസിന് പത്ത് മീറ്റർ വരെ സഞ്ചരിക്കാനാകുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിർദേശത്തില്‍ പറയുന്നു. വീടും ഓഫീസും കഴിയാവുന്നത്ര തുറന്നിട്ട് വെന്‍റിലേഷന്‍ ഉറപ്പാക്കണം.അടച്ചിട്ട മുറിയില്‍ എസി പ്രവര്‍ത്തിപ്പിക്കുന്നത് വൈറസ് അതിവേഗം പകരുന്നതിന് കാരണമാക്കുമെന്നും മാര്‍ഗനിര്‍ദേശം ഓർമ്മിക്കുന്നു.  അതേസമയം മുഖ്യമന്ത്രിമാരെ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിക്കാതെ അവഹേളിച്ചുവെന്ന് മമത ബാനര്‍ജി വിമര്‍ശിച്ചു. നേരത്തെ വിളിച്ച അവലോകന യോഗത്തില്‍ മമത പങ്കെടുത്തിരുന്നില്ല.

click me!