
പൂനെ: റോഡ് അപകടത്തിൽ ഇരുകാലുകളും മുറിച്ച് നീക്കേണ്ടി വന്ന യുവാവിനെ റോഡ് സൈഡിൽ ഉപേക്ഷിച്ച ഡോക്ടർക്കെതിരെ നടപടി. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഡോക്ടർക്കെതിരെ പ്രതിഷേധം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് പൂനെയിലെ സാസൂൺ ജനറൽ ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തത്.
തന്നേക്കുറിച്ചുള്ള വിവരങ്ങൾ ഓർത്തെടുക്കാൻ പോലും സാധിക്കാതിരുന്നയാളെയാണ് ഡോക്ടറും സഹായിയും ചേർന്ന് നടപടി ക്രമങ്ങൾ പാലിക്കാതെ ഡിസ്ചാർജ്ജ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സർക്കാർ നടപടിയെടുക്കുന്നത്. ബന്ധുക്കളാരും തിരഞ്ഞ് എത്താതിരുന്ന 30 വയസോളം പ്രായമുള്ളയാളെ യേർവാഡയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനിരിക്കെയായിരുന്നു വിവാദ നടപടി. ചൊവ്വാഴ്ചയാണ് മരച്ചുവട്ടിൽ കിടക്കുന്ന ഇരുകാലുകളുമില്ലാത്തയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
മനുഷ്യ ജീവനെ ബഹുമാനിക്കാതിരുന്നതടക്കമുള്ള വകുപ്പുകളാണ് യുവ ഡോക്ടർക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂൺ 16നാണ് ഇരുകാലുകളിലും വാഹനം കയറി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലുകൾ മുറിച്ച് നീക്കിയ ശേഷം ഇയാൾ സാസൂൺ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ ഇയാളുടെ ബന്ധുക്കൾ ഇയാളെ തേടിയെത്തിയിരുന്നില്ല. ബന്ധുക്കളുടെ വിവരം നൽകാനുള്ള മാനസിക അവസ്ഥയിലുമായിരുന്നില്ല യുവാവുണ്ടായിരുന്നത്. ഇതോടെ ആശുപത്രി അധികൃതർ സാമൂഹ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിച്ചിരുന്നു.സാമൂഹ്യ സുരക്ഷാ വകുപ്പ് ജീവനക്കാർ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പുനരധിവസിപ്പിക്കാനിരിക്കെയാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാവുന്നത്.
ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനായി സാമൂഹ്യ സുരക്ഷാ വകുപ്പ് ജീവനക്കാരെത്തുമ്പോഴാണ് രോഗി ആശുപത്രിയിൽ ഇല്ലെന്ന വിവരം ആശുപത്രി അധികൃതർ മനസിലാക്കുന്നത്. ഇതിനോടകം തന്നെ വീഡിയോ വൈറലുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam