
ഗുണ്ടൂര്‍: കൊവിഡ് 19 അവലോകന യോഗത്തില്‍ പരാതി പറഞ്ഞ ഡോക്ടറെ അറസ്റ്റ് ചെയ്യിപ്പിച്ച് ജില്ല കലക്ടര്‍. അന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുകയാണ്. പരാതി പറഞ്ഞ ഗുണ്ടൂര്‍ ജില്ലയിലെ നന്ദണ്ടേല്ല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ.സോമാല നായിക്കിനെ അറസ്റ്റ് ചെയ്യാനും സസ്പെന്‍റ് ചെയ്യാനും ഗുണ്ടൂര്‍ കലക്ടര്‍ സാമുവല്‍ ആനന്ദ് കുമാര്‍ ആവശ്യപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്. ഗുണ്ടൂരിലെ നരസാര്‍പേട്ട് ടൌണ്‍ ഹാളിലാണ് ഈ യോഗം ചേര്‍ന്നിരുന്നത്.
ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് പ്രകാരം, സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു മുതിര്‍ന്ന ഡോക്ടര്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ കിടക്കകള്‍ ഇല്ലെന്ന് ഡോക്ടര്‍ ഡോ.സോമാല നായിക്ക് യോഗത്തില്‍ അറിയിച്ചു. എന്നാല്‍ ഇത് ശരിയല്ലെന്ന നിലപാട് ആയിരുന്നു ജില്ല കലക്ടര്‍ക്ക്. ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോക്ടറുടെ വാദത്തിനൊപ്പം നിന്നതോടെ സംഭവം വേഗത്തില്‍ മാറിമറിഞ്ഞു. തുടര്‍ന്നാണ് വളരെ ദു:ഖകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. അതിനൊപ്പം തന്നെ ഡോ.സോമാല നായിക്ക് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ താഴെതട്ടിലെ ഡോക്ടര്‍മാര്‍ വലിയ അദ്ധ്വാനം നടത്തുന്നുണ്ടെങ്കിലും അത് അര്‍ഹിച്ച രീതിയില്‍ ആദരിക്കപ്പെടുന്നില്ലെന്നും സൂചിപ്പിച്ചു.
അതേ സമയം വൈറലാകുന്ന വീഡിയോയില്‍ കലക്ടര്‍ കയര്‍ക്കുന്നത് വ്യക്തമാണ്, 'എന്ത് അസംബന്ധമാണിത്, എവിടുന്നാണ് ഈ ഡോക്ടര്‍ വരുന്നത്, അയാളെ അവിടുന്ന് മാറ്റി അറസ്റ്റ് ചെയ്യു, അയാള്‍ക്ക് എന്ത് ധൈര്യമാണ് എന്നോട് ഇങ്ങനെ ചോദിക്കാന്‍, ഞാന്‍ ആരാണെന്ന് അറിയില്ലെ, ദുരന്ത നിവാരണ നിയമപ്രകാരം അയാളെ അറസ്റ്റ് ചെയ്യൂ" - എന്നെല്ലാം കലക്ടര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.
പിന്നീട് ഡോക്ടറെ നരസാര്‍പേട്ട് ഡിഎസ്പി വീര റെഡ്ഡി അറസ്റ്റ് ചെയ്ത് ഡിഎസ്പി ഓഫീസില്‍ എത്തിച്ച് ജാമ്യത്തില്‍ വിട്ടുവെന്നാണ് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്ത് ഡോക്ടറെ സസ്പെന്‍റ് ചെയ്യാന്‍ ജില്ല മെഡിക്കല്‍ ഓഫീസറോട് ജില്ല കലക്ടര്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഇത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിക്കാത്തതിനാല്‍ നടപടി എടുത്തില്ലെന്നാണ് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുന്നത്.
വീഡിയോ വൈറലായതോടെ സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്. സംസ്ഥാനം ഭരിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തില്‍ കാണിക്കുന്ന ജാഗ്രത കുറവാണ് ഇതെന്നാണ് ടിഡിപി നേതാവ് നര ലോകേഷ് വീഡിയോ ട്വീറ്റ് ചെയ്ത് ആരോപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam