അപകീര്‍ത്തികരമായ പരാമര്‍ശം: ബാബാ രാംദേവിനെതിരെ ഡോക്ടര്‍മാരുടെ കരിദിനാചരണം

By Web TeamFirst Published Jun 1, 2021, 12:10 PM IST
Highlights

ബാബാ രാംദേവിന്റെ പരമാര്‍ശത്തിനെതിരെ കരിദിനമായാണ് ആചരിക്കുന്നത്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രതിഷേധമാണെങ്കിലും രോഗീപരിചരണത്തിന് തടസ്സം ഉണ്ടാകില്ല.
 

ദില്ലി: ബാബാ രാംദേവ് നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകളുടെ പ്രതിഷേധം തുടങ്ങി. ദില്ലിയിലെ പന്ത്രണ്ട് ആശുപത്രികളിലാണ് പ്രതിഷേധം. റെഡിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയായ ഫോര്‍ഡയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ആധുനിക മെഡിക്കല്‍ ശാസ്ത്രത്തെയും ഡോക്ടര്‍മാരെയും അപമാനിച്ച രാംദേവിനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും സംഘടന ആരോപിച്ചു. 

ബാബാ രാംദേവിന്റെ പരമാര്‍ശത്തിനെതിരെ കരിദിനമായാണ് ആചരിക്കുന്നത്. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രതിഷേധമാണെങ്കിലും രോഗീപരിചരണത്തിന് തടസ്സം ഉണ്ടാകില്ല. രാംദേവ് നിരുപാധികം ക്ഷമാപണം നടത്തണമെന്ന് ഐഎംഎയും ആവശ്യപ്പെട്ടു. ഒരു അഭിമുഖത്തില്‍ രാംദേവ് അലോപ്പതിയെ മണ്ടന്‍ ശാസ്ത്രം എന്ന് വിളിച്ചതാണ് വിവാദമായത്. വാക്‌സിനെതിരായ പ്രസ്താവനയും വിവാദമായിരുന്നു.

രാംദേവിന്റെ പ്രസ്താവനക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും രംഗത്തെത്തിയിരുന്നു. പ്രസ്താവന പിന്‍വലിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. തുടര്‍ന്ന് പ്രസ്താന ബാബാ രാംദേവ് പിന്‍വലിച്ചെങ്കിലും പ്രകോപനവുമായി വീണ്ടും രംഗത്തെത്തി. തന്നെ അറസ്റ്റ് ചെയ്യാന്‍ ഡോക്ടര്‍മാരുടെ പിതാക്കന്മാര്‍ വിചാരിച്ചാലും നടക്കില്ലെന്നായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!