
ദില്ലി: പഞ്ചാബിലെ പട്യാലയിലെ ആശുപത്രിയിൽ നായ കുഞ്ഞിന്റെ തലയുമായെത്തി. കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 ഓടെ രജീന്ദ്ര ആശുപത്രിയിലെ നാലാം നമ്പർ വാർഡിന് സമീപമാണ് വായിൽ ഒരു കുഞ്ഞിന്റെ തലയുമായി നായ എത്തിയത്. ആശുപത്രിയിലെ എല്ലാ നവജാത ശിശുക്കളെയും നിരീക്ഷിച്ചുവരികയാണെന്നും കുഞ്ഞിന്റെ മൃതദേഹം പുറത്തുനിന്നാണ് ആശുപത്രി പരിസരത്തേക്ക് നായ കൊണ്ടുവന്നതെന്ന് സംശയിക്കുന്നതെന്നും മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിംഗ് ആശുപത്രി അധികൃതരോടും ലോക്കൽ പൊലീസിനോടും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശിച്ചു. കണ്ടെടുത്ത ശരീരഭാഗം അന്വേഷണത്തിനായി ഫോറൻസിക് സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ വിഷയം അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. വിശാൽ ചോപ്ര സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് പ്രകാരം, പുതുതായി ജനിച്ച എല്ലാ കുഞ്ഞുങ്ങളും വാർഡുകളിലുണ്ടെന്നും ഒരു നവജാത ശിശുവിനെ പോലും കാണാതായിട്ടില്ലെന്നും പറയുന്നു. ആശുപത്രിയിൽ അടുത്തിടെ മൂന്ന് കുഞ്ഞുങ്ങളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം പുറത്തു നിന്ന് ആരോ വലിച്ചെറിഞ്ഞതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് ആശുപത്രി പൊലീസിനെ അറിയിച്ചതായും അന്വേഷണം ആരംഭിച്ചതായും പോലീസ് സൂപ്രണ്ട് പൽവീന്ദർ സിംഗ് ചീമ പറഞ്ഞു. ആശുപത്രിയിലെ ജീവനുള്ള കുഞ്ഞുങ്ങളുടെയും മരിച്ച കുഞ്ഞുങ്ങളുടെയും പട്ടിക ഞങ്ങൾ എടുത്തിട്ടുണ്ട്. ഓരോന്നും പരിശോധിച്ചുവരികയാണ്. ആശുപത്രിയിലെ സിസിടിവി കവറേജ് മികച്ചതാണ്, എല്ലാ ദൃശ്യങ്ങളും ഞങ്ങൾ സ്കാൻ ചെയ്യുന്നുണ്ട്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്നും ചീമ പറഞ്ഞു.