
നോയിഡ: നായയെ ഓട്ടോറിക്ഷയുടെ പിന്നിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഉടമ അറസ്റ്റിലായി. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതയ്ക്കാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. കസ്ന പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ ദാധ ഗ്രാമവാസിയായ നിതിൻ എന്നയാളാണ് അറസ്റ്റിലായത്. ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ഗൗതം ബുദ്ധ നഗർ പൊലീസ് കമ്മീഷണറേറ്റ് അറിയിക്കുകയും ചെയ്തു.
നായയെ ഓട്ടോറിക്ഷയുടെ പിന്നിൽ കെട്ടിയിട്ട ശേഷം വാഹനം വേഗത്തിൽ ഓടിച്ചുപോകുന്ന ദൃശ്യങ്ങൾ മറ്റൊരു വാഹനത്തിൽ നിന്നാണ് ആരോ പകർത്തി സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തത്. ഏറെ ദൂരം വാഹനം ഇങ്ങനെ നീങ്ങുന്നതും വാഹനത്തിന്റെ വേഗത്തിനൊപ്പം ഓടിയെത്താൻ കഴിയാതെ നായ വീണുപോകുന്നതും റോഡിലൂടെ നിരങ്ങി നീങ്ങുന്നതും വീഡിയോയിൽ കാണാം. പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനവും പ്രതിഷേധും ഉയർന്നു. ഇത് ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃഗസ്നേഹികളും രംഗത്തെത്തി.
വീഡിയോയിൽ നിന്ന് തന്നെ നായയുടെ ഉടമയായ നിതിൻ എന്നയാളെ തിരിച്ചറിഞ്ഞെന്നും പിന്നാലെ കേസെടുത്തെന്നും കസ്ന പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ധർമേന്ദ്ര ശുക്ല പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നായയെ വാഹനത്തിനകത്ത് തന്നെ കയറ്റിയാണ് കൊണ്ടുപോയതെന്നും എന്നാൽ താൻ അറിയാതെ പുറത്തേക്ക് വീണതാണെന്നും ഇയാൾ വിശദീകരിച്ചു. നായയ്ക്ക് വലിയ പരിക്കുകളില്ലെന്ന് പൊലീസ് പറഞ്ഞു. മൃഗത്തിന് നേരെയുള്ള ക്രൂരതയ്ക്ക് കടുത്ത നടപടി വേണമെന്നാണ് മൃഗസ്നേഹികളുടെ ആവശ്യം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം