
മുംബൈ: നായയും പൂച്ചയുമൊന്നും അടിസ്ഥാനപരമായി മനുഷ്യരല്ലെന്നും അതിനാൽ ഇന്ത്യൻ ശിക്ഷാനിയമം 279, 337 എന്നീ വകുപ്പുകൾ പ്രകാരം അശ്രദ്ധമായി വാഹനമോടിച്ച് തെരുവ് നായ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്നും ബോംബെ ഹൈക്കോടതി. കേസിൽ ഒരു വ്യക്തിക്കോ സ്വത്തിനോ നഷ്ടവും നാശവും വരുത്തിയതുമായി ബന്ധപ്പെട്ട ഐപിസി സെക്ഷൻ 429 പ്രയോഗിച്ചതിനെയും ഹൈക്കോടതി ചോദ്യം ചെയ്തു. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവ് നായയെ ഇടിച്ച് കൊന്ന എൻജിനീയറിങ് വിദ്യാർഥിക്കെതിരായ എഫ്ഐആർ കോടതി റദ്ദാക്കി. ഉത്തരവാദികളായ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ചെലവ് ഈടാക്കുമെന്നും വിദ്യാർത്ഥിക്ക് 20,000 രൂപ ചെലവ് നൽകാൻ സംസ്ഥാന സർക്കാരിനോടും കോടതി നിർദ്ദേശിച്ചു.
ഫുഡ് ഡെലിവറി ബോയ് ആയി പാർട്ട് ടൈം ജോലി ചെയ്യുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മാനസ് ഗോഡ് ബോലെ (20) എന്ന വിദ്യാർഥിക്കെതിരെയാണ് നായപ്രേമി പൊലീസിനെ സമീപിച്ചത്. 2020 ഏപ്രിൽ 11 ന് ബൈക്കിൽ സഞ്ചരിക്കുമ്പോൾ റോഡ് മുറിച്ചുകടക്കുകയായിരുന്ന തെരുവ് നായയെ അബദ്ധത്തിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് പരിക്കേറ്റ നായ കൊല്ലപ്പെട്ടു. നായ പ്രേമിയുടെ പരാതിയിൽ മറൈൻ ഡ്രൈവ് പൊലീസ് മോട്ടോർ വാഹന നിയമത്തിലെ ഐപിസി സെക്ഷൻ 279, 337, 429, 184, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. 64-ാം മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ വിദ്യാർഥിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. 279, 337, 429 വകുപ്പുകൾ ചുമത്തിയത് ചോദ്യം ചെയ്താണ് വിദ്യാർഥി കോടതിയെ സമീപിച്ചത്. ഐപിസിയുടെ സെക്ഷൻ 429 അനുസരിച്ച് ഒരു വ്യക്തിക്കോ സ്വത്തിനോ നഷ്ടവും നാശവും ഉണ്ടായിട്ടുണ്ടെങ്കിൽ മാത്രമാണ് ഈ വകുപ്പ് ചുമത്താനാകുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam