സബർമതി ആശ്രമം ട്രംപ് സന്ദർശിക്കുമോ? അനിശ്ചിതത്വം, എല്ലാ സൗകര്യങ്ങളുമൊരുങ്ങി

By Web TeamFirst Published Feb 23, 2020, 4:44 PM IST
Highlights

അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോ ആയി പുതുതായി നിർമിച്ച മൊട്ടേര സ്റ്റേഡിയത്തിലേക്ക് ട്രംപും മോദിയും എത്തുമെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാൽ ഇതിനിടെ സബർമതി ആശ്രമം സന്ദർശിക്കുമോ ഇല്ലയോ എന്നതിൽ വ്യക്തതയില്ല.

അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സന്ദർശിക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വമാണ്. ട്രംപ് സബർമതി സന്ദർശിക്കാനെത്തുമെന്നാണ് ഏറ്റവുമൊടുവിൽ വിദേശകാര്യമന്ത്രാലയം നൽകുന്ന സൂചന. എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു സബർമതിയിൽ. ഇനി ഔദ്യോഗിക സ്ഥിരീകരണം മാത്രമേ വരേണ്ടതുള്ളൂ.

അഹമ്മദാബാദ് വിമാനത്താവളത്തിലാണ് ട്രംപ് നാളെ വന്നിറങ്ങുക. അവിടെ നിന്ന് ഒരു റോഡ് ഷോയായി ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിലെത്തും. ഒരു കോടി ആളുകൾ സ്വീകരിക്കാനെത്തുമെന്നാണ് ട്രംപ് അവകാശപ്പെട്ടത്. 'നമസ്തേ ട്രംപ്' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലൂടെ തനിക്ക് വൻ സ്വീകരണം കിട്ടുമെന്നാണ് ട്രംപ് പ്രതീക്ഷിക്കുന്നത്. 

എന്നാൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ട്രംപിന്‍റെ സന്ദർശനത്തിനായി എല്ലാ സജ്ജീകരണങ്ങളും സബർമതി ആശ്രമത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ഗുജറാത്ത് സർക്കാരും വ്യക്തമാക്കുന്നു. ''എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും'', എന്ന് ടൂറിസം സെക്രട്ടറി മമ്ത വെർമ വ്യക്തമാക്കി. 

ആശ്രമത്തിന്‍റെ ചുറ്റുമുള്ള 'ഹൃദയ് കുഞ്ജ്' എന്നയിടത്താണ് 12 വർഷത്തോളം മഹാത്മാഗാന്ധിയും അദ്ദേഹത്തിന്‍റെ പത്നി കസ്തൂർബാ ഗാന്ധിയും കഴിഞ്ഞിരുന്നത്. 1918 മുതൽ 1930 വരെ സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാ കഴിഞ്ഞിരുന്ന ഈ ഭാഗത്തെ ഉദ്യാനങ്ങളും മറ്റും മോടി പിടിപ്പിക്കുന്നുണ്ട്. ആശ്രമത്തിന്‍റെ മുന്നിൽ നരേന്ദ്രമോദിയുടെ വലിയൊരു കട്ടൗട്ട് സ്ഥാപിച്ചിട്ടുമുണ്ട്. 

പ്രദേശത്ത് വൻ സുരക്ഷാസന്നാഹമാണ് സജ്ജീകരിച്ചിരിക്കുന്നത്. സബർമതി ആശ്രമം സന്ദർശിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വൈറ്റ് ഹൗസാണെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി. സബർമതി സന്ദർശിക്കേണ്ടെന്നാണ് അമേരിക്കൻ പ്രസിഡന്‍റിന്‍റെ തീരുമാനമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് രൂപാണിയുടെ പ്രസ്താവന.

എന്നാൽ അഹമ്മദാബാദ് ഹൈവേയിൽ മോദിയ്ക്കും ട്രംപിനും റോഡ് ഷോ നടത്താനുള്ള വഴിയിൽ വിപുലമായ ഒരുക്കങ്ങളാണ് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ നടത്തുന്നത്. ചേരി മറച്ച് മതിൽ കെട്ടിയത് വിവാദമായത് അടക്കം ഈ ഹൈവേയിലാണ്. ഈ ഹൈവേയിൽ പലയിടത്തും, കലാപ്രകടനങ്ങൾക്കായി സ്റ്റേജുകളടക്കം കെട്ടിയുയർത്തിയിട്ടുണ്ട്. 

click me!