തമിഴ്നാട്ടിൽ നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം (ടിവികെ) നിർണായക രാഷ്ട്രീയ ശക്തിയാകുന്നതായി പുതിയ സർവേ ഫലം. ഡിഎംകെ, എഐഎഡിഎംകെ സഖ്യങ്ങൾക്ക് പിന്നിൽ 13.6 ശതമാനം വോട്ട് നേടി ടിവികെ മൂന്നാം സ്ഥാനത്തെത്തി. ചെന്നൈയിലെ പല മണ്ഡലങ്ങളിലും പാർട്ടി രണ്ടാം സ്ഥാനത്താണെന്നും സർവേ പറയുന്നു.
ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ്‍യുടെ പാർട്ടി നിർണായക ശക്തിയാകുന്നതായി സർവേ ഫലങ്ങൾ. തെലങ്കാന ആസ്ഥാനമായുള്ള കെ.കെ സർവേസ് ആൻഡ് സ്ട്രാറ്റജീസ് തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെ 70.2 ലക്ഷം വോട്ടർമാരെ പങ്കെടുപ്പിച്ചു നടത്തിയ 'പാരാവിൽ' സർവേയനുസരിച്ച് വിജയ്‍യുടെ പാർട്ടി ചുരുങ്ങിയ കാലത്തിനുള്ളിൽ വോട്ടർമാരെ ആകർഷിച്ചു. പ്രധാന കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെക്കും പിന്നിൽ മൂന്നാമതെത്തി. നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന തമിഴ്‌നാട്ടിൽ ഡി.എം.കെ സഖ്യം തന്നെയാണ് മുന്നിൽ.
സർവേ പ്രകാരം ഡി.എം.കെ മുന്നണിക്ക് 41.5 ശതമാനം വോട്ടും അണ്ണാ ഡി.എം.കെ സഖ്യത്തിന് 36.2 ശതമാനം വോട്ടുമാണ് ലഭിക്കുന്നത്. ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ടി.വി.കെ-യ്ക്ക് 13.6 ശതമാനം വോട്ട് ലഭിക്കുമെന്നും പറയുന്നു. സീമാന്റെ നാം തമിഴർ കക്ഷി 7.9 ശതമാനം വോട്ടുമായി നാലാം സ്ഥാനത്തുമെത്തി. ചെന്നൈ നഗരത്തിലെ മിക്ക നിയമസഭാ മണ്ഡലങ്ങളിലും ടി.വി.കെ രണ്ടാം സ്ഥാനത്താണെന്നതാണ് പ്രത്യേകത. ഡി.എം.കെ തന്നെയാണ് ചെന്നൈയിൽ ഒന്നാം സ്ഥാനത്ത്. ഓരോ മണ്ഡലത്തിലും ചുരുങ്ങിയത് 30,000 പേരുടെ അഭിപ്രായമാണ് സർവേയിൽ തേടിയത്.
