റഷ്യയുടെ ഇടപെടലിൽ ട്രംപ് വഴങ്ങി, ഇന്ത്യയ്ക്കും ഇളവ് പ്രഖ്യാപിച്ച് അമേരിക്ക, അധിക താരിഫ് ഉടനില്ല, റഷ്യൻ ഇടപാടുകൾ തുടരാം

Published : Oct 17, 2026, 06:06 PM IST
trump

Synopsis

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് അമേരിക്ക പിന്മാറി. റഷ്യയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനുള്ള ഇളവ് പ്രഖ്യാപിച്ചു. വിലക്കയറ്റ ഭീഷണിക്കിടെ ഇന്ത്യയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.

ദില്ലി : റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് അധിക തീരുവ പ്രഖ്യാപിക്കുന്നത് തൽക്കാലമില്ലെന്ന് അമേരിക്ക. ഇന്ത്യയടക്കം രാജ്യങ്ങൾക്ക് ഇളവ് നൽകുന്നതിനുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. റഷ്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് ട്രംപിന്റെ ഈ നടപടി. ട്രംപിൻറെ തീരുമാനം ചരിത്രപരം എന്ന് റഷ്യ പ്രതികരിച്ചു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് അധിക താരിഫ് ഏർപ്പെടുത്താനുള്ള അധികാരം യുഎസ് ജനപ്രതിനിധി സഭ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നൽകിയിരുന്നു. ലിൻസെ ഗ്രഹാം കൊണ്ടുവന്ന ബില്ല് പാസായി ഒരു മാസത്തിന് ശേഷം തീരുവ ഏർപ്പെടുത്താനാണ് ട്രംപിന് അധികാരം ഉണ്ടായിരുന്നത്. നിയമം നിലവിൽ വന്ന് നാളെ ഒരു മാസം ആകുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള യുഎസ് നീക്കം.

ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയ്ക്ക് വിലക്കില്ലാതെ തുടരാം. റഷ്യയ്ക്കും യുഎസിനും ഇടയിൽ അടുത്തിടെയുണ്ടായ ധാരണ അനുസരിച്ചാണ് നിയമത്തിൽ ഇളവ് നൽകിയത്. ഊർജ്ജ രംഗത്ത് അടക്കം സഹകരിക്കാൻ അമേരിക്കയും റഷ്യയും തീരുമാനിച്ചിരുന്നു. നിലവിൽ റഷ്യയിൽ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. അന്താരാഷ്ട്ര രംഗത്ത് വില പിടിച്ചുനിർത്താനും ഇന്ത്യ എണ്ണ വാങ്ങുന്നത് സഹായിക്കുന്നുണ്ട്. ഇതെല്ലാം വിലയിരുത്തിയാണ് അമേരിക്ക ഇപ്പോൾ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ 20ന് ഇന്ത്യയിലേക്ക് എത്തുന്നതിന് മുമ്പാണ് അമേരിക്ക തീരുമാനം എടുത്തിരിക്കുന്നത്. അധിക തീരുവ ഏർപ്പെടുത്താനുള്ള ഏത് നീക്കവും രണ്ടു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം ബാധിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.

യുഎസ് തീരുമാനം ചരിത്രപരമെന്നാണ് റഷ്യൻ പ്രസിഡൻറിൻറെ ദൂതൻ കിറിൽ ദിമിത്രിയേവ് പ്രതികരിച്ചത്. വിലക്കയറ്റ തോത് ഉയരുന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി തല്ക്കാലം തുടരാനാകുന്നത് കേന്ദ്രസർക്കാരിന് ആശ്വാസമാകുകയാണ്.

വാഷിംഗ്ടണിൽ ഉക്രെയ്നിന്റെ ശക്തമായ പിന്തുണക്കാരിൽ ഒരാളായിരുന്ന സെനറ്റർ ലിൻഡ്സെ ഗ്രാഹാമിന്റെ പേരിൽ അറിയപ്പെടുന്ന 'ലിൻഡ്സെ ഒ ഗ്രാഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026' എന്ന നിയമനിർമ്മാണത്തിലാണ് ട്രംപ് നേരത്തെ ഒപ്പുവെച്ചിരുന്നത്.

ഈ വർഷം ജൂലൈയിൽ കിവ് സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ ഉടനെയാണ് ലിൻഡ്സെ ഗ്രാഹാം അന്തരിച്ചത്.

റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ അഞ്ച് ഉപഭോക്താക്കളായ ചൈന, ഇന്ത്യ, സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 100 ശതമാനം താരിഫ് ചുമത്താനും, നിരവധി റഷ്യൻ സ്ഥാപനങ്ങൾക്ക് ഉപരോധമേർപ്പെടുത്താനും, റഷ്യൻ ഊർജ്ജ ഉൽപ്പന്നങ്ങളുടെ എല്ലാ യുഎസ് ഇറക്കുമതിക്കും 500 ശതമാനം താരിഫ് ചുമത്താനും ഈ നിയമം ട്രംപിന് 30 ദിവസത്തെ സമയമാണ് നൽകിയിരുന്നത്. ഒരു മാസത്തെ സമയപരിധി നാളെ, ഒക്ടോബർ 18-ന് അവസാനിക്കാനിരിക്കുകയായിരുന്നു.

ഉക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിന് സഹായകമാകുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കാനാണ് ഈ നിയമനിർമ്മാണം കൊണ്ട് ലക്ഷ്യമിട്ടത്. റഷ്യൻ ഉദ്യോഗസ്ഥർ, ബാങ്കുകൾ, ഊർജ്ജ മേഖലകൾ, മോസ്കോയുടെ സൈനിക നടപടികളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങൾ എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.

റഷ്യൻ എണ്ണയെയും വാതകത്തെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി, റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് മേൽ താരിഫ് ചുമത്താൻ ഈ നിയമം ട്രംപിന് അധികാരം നൽകിയിരുന്നു. കൂടാതെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും റഷ്യൻ സർക്കാരിലെ മുതിർന്ന വ്യക്തികൾക്കുമെതിരെയുള്ള ഉപരോധങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ ഇന്ത്യക്കെതിരെയുള്ള താരിഫ് നീക്കവും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിലപാട് പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ, സിജെപി നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഡിഎംകെയുടെ പൂർണ്ണ പിന്തുണ
നിതീഷ് കുമാറിന് വേണ്ടി 9 പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ജെഡിയു എംഎൽഎ; വിവാദമായതോടെ യുടേൺ; എല്ലാം ലാലുവിന്റെ തലയിലിട്ട് തിരുത്തൽ