
പട്ന: ജെഡിയു എംഎൽഎ അനന്ത് കുമാർ സിങ്ങിന്റെ പ്രസ്താവനയെച്ചൊല്ലി ബിഹാറിൽ വിവാദം. മുൻ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറിന് വേണ്ടി താൻ ഒൻപതുപേരെ കൊലപ്പെടുത്തിയെന്ന അനന്ത് കുമാർ സിങ്ങിന്റെ പരാമർശമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. അതേസമയം, പ്രസ്താവന വിവാദമായതോടെ അനന്ത് സിങ് തന്നെ ഇതിൽ തിരുത്തലുമായി രംഗത്തെത്തി.
'ഞാനും നിതീഷ് കുമാറും തമ്മിൽ വളരെക്കാലമായുള്ള ബന്ധമാണുള്ളത്. അദ്ദേഹത്തെ സഹായിക്കാനായി ഞാൻ ഒൻപതുപേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പ്രയാസപ്പെട്ട ഘട്ടങ്ങളിലെല്ലാം ഞാൻ അദ്ദേഹത്തിനൊപ്പം ഉറച്ചുനിന്നു' എന്നായിരുന്നു അനന്ത് കുമാർ സിങ് പറഞ്ഞത്. ബിഹാറിൽ നിയമനിർമാണ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജെഡിയു എംഎൽഎ വിവാദ വെളിപ്പെടുത്തൽ നടത്തിയത്.
വരാനിരിക്കുന്ന നിയമനിർമാണ കൗൺസിൽ തെരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ എതിരാളിയായ നീരജ് കുമാറിന് ജെഡിയു സീറ്റ് നൽകിയതാണ് അനന്ത് കുമാർ സിങ്ങിന്റെ പ്രസ്താവനയ്ക്ക് കാരണമായതെന്നാണ് റിപ്പോർട്ട്. അതേസമയം, ജെഡിയു എംഎൽഎ തന്നെ നിതീഷ് കുമാറിനെതിരേ നടത്തിയ വെളിപ്പെടുത്തൽ ആർജെഡിക്ക് പുതിയ രാഷ്ട്രീയായുധമായി.
നിതീഷ് കുമാറിന് വേണ്ടി ഒൻപത് കൊലപാതകങ്ങൾ നടത്തിയെന്ന കുറ്റസമ്മതമാണ് ജെഡിയു എംഎൽഎ നടത്തിയതെന്ന് ആർജെഡി നേതാവ് ശക്തി സിങ് യാദവ് പറഞ്ഞു. നിതീഷ് കുമാർ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന് വേണ്ടിയാണ് കൊലപാതകങ്ങൾ നടത്തിയത്. പാർട്ടിയിൽനിന്നുണ്ടായ സമ്മർദത്തെത്തുടർന്നാണ് അനന്ത് കുമാർ സിങ് പിന്നീട് പ്രസ്താവന തിരുത്തിയത്. സംസ്ഥാനത്തെ കുപ്രസിദ്ധ ക്രിമിനൽ സംഘങ്ങളുമായി കൈകോർത്താണ് നിതീഷ്കുമാർ അധികാരത്തിലെത്തിയത് എന്നത് വസ്തുതയല്ലേ? ആരെല്ലാമായിരുന്നു ഈ കുപ്രസിദ്ധ ക്രിമിനലുകൾ? അവരെല്ലാം അദ്ദേഹത്തിന് ഒപ്പമുള്ളവരായിരുന്നുവെന്നും ആർജെഡി നേതാവ് ആരോപിച്ചു.
അനന്ത് കുമാർ സിങ്ങിന്റെ പ്രസ്താവന വിവാദമായതോടെ വിഷയത്തിൽനിന്ന് അകലം പാലിക്കുന്ന നിലപാടാണ് ജെഡിയു സ്വീകരിച്ചത്. അനന്ത് കുമാർ സിങ് പറഞ്ഞത് ഗൗരവമായി എടുക്കേണ്ടതില്ലെന്നായിരുന്നു ജെഡിയു വക്താവ് രാജീവ് രഞ്ജൻ പ്രസാദിന്റെ പ്രതികരണം. ക്രിമിനലുകളുമായോ മറ്റ് അക്രമസംഭവങ്ങളുമായോ ബന്ധമില്ലാത്ത പശ്ചാത്തലമാണ് നിതീഷ് കുമാറിനുള്ളത്. അതിനാൽ ഇത്തരം പ്രസ്താവനകൾ പാർട്ടി ഗൗരവത്തിലെടുക്കുന്നില്ല. ജനങ്ങളും ഇത് ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
നിതീഷ് കുമാറിനെതിരായ പ്രസ്താവന വിവാദമായതോടെ ഇതിൽ തിരുത്തുമായി അനന്ത് കുമാർ സിങ്ങും പിന്നീട് രംഗത്തെത്തി. ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്ത് തന്റെ കൂട്ടാളികളായ ഒൻപത് പേർ കൊല്ലപ്പെട്ടെന്നാണ് താൻ പറയാൻ ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ലാലുവിന്റെ ഭരണകാലത്ത് തനിക്കും വെടിയേറ്റിട്ടുണ്ട്. നിതീഷ് കുമാറിനൊപ്പം ഉറച്ചുനിന്നതിനാലാണ് ലാലുപ്രസാദ് യാദവ് അവരെയെല്ലാം കൊലപ്പെടുത്തിയത്. അന്ന് തങ്ങൾക്ക് വലിയ നഷ്ടങ്ങളാണുണ്ടായത്. ഇതിനിടെ തന്റെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെടുകയുമുണ്ടായി. പക്ഷേ, ഇതേക്കുറിച്ചെല്ലാം താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അനന്ത് കുമാർ സിങ് പറഞ്ഞു.
ബിഹാറിലെ നിയമനിർമാണ കൗൺസിലിലെ എട്ട് സീറ്റുകളിലേക്കാണ് ഒക്ടബോർ 23-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 27-നാണ് വോട്ടെടുപ്പ്. ഇതിന് മുന്നോടിയായാണ് അനന്ത് കുമാർ സിങ്ങിന്റെ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam