കൊറോണയെക്കുറിച്ച് ആശങ്ക വേണ്ട, എന്നാൽ ജാ​ഗ്രത കൈവിടരുത്; പ്രതിരോധത്തിന് സംസ്ഥാനം സജ്ജം; കെ ചന്ദ്രശേഖര്‍ റാവു

By Web TeamFirst Published Jul 18, 2020, 10:26 AM IST
Highlights

സംസ്ഥാനത്ത് മരുന്നുകളുടെയോ ഉപകരണങ്ങളുടെയോ ദൗർലഭ്യമില്ല. ‍ഡോക്ടർമാരും ഉദ്യോസ്ഥരും മികച്ച സേവനമാണ് നൽകുന്നത്. വിമർശനങ്ങളോടും വിലകുറഞ്ഞ അഭിപ്രായപ്രകടനങ്ങളോടും പ്രതികരിക്കേണ്ട ആവശ്യമില്ല. 

തെലങ്കാന: കൊറോണ വൈറസ് ബാധയെക്കുറിച്ച് ആശങ്കയും ഉത്കണ്ഠയും വേണ്ടെന്നും അതേസമയം ജാ​ഗ്രത കൈവിടരുതെന്നും അശ്രദ്ധരായിരിക്കരുതെന്നും നിർദ്ദേശിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. 'കൊറോണയ്ക്കൊപ്പം ജീവിക്കേണ്ട ഘട്ടത്തിലേക്കാണ് നാം എത്തിക്കൊണ്ടിരിക്കുന്നത്. ആരും അതിനെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. അതേ സമയം ആളുകൾ അശ്രദ്ധരായിരിക്കരുത്. വ്യക്തി ശുചിത്വം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുക. സാനിട്ടൈസർ ഉപയോ​ഗിക്കുക, കഴിയുന്നതും വീട്ടിൽ തന്നെ തുടരാൻ ശ്രമിക്കുക.' ചന്ദ്രശേഖര്‍ റാവു പറഞ്ഞു. 

വൈറസ് രോ​ഗമുള്ളവർ സ്വകാര്യ ആശുപത്രികളിൽ പോയി വൻതുക ചെലവഴിക്കേണ്ട ആവശ്യമില്ലെന്നും സർക്കാർ ആശുപത്രികളിൽ ആവശ്യമായ ചികിത്സകൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര രോ​ഗികൾക്ക് വേണമെങ്കിലും ചികിത്സ നൽകാൻ പര്യാപ്തമാണ് സർക്കാർ  ആശുപത്രികൾ. 'ലോകത്തെ എല്ലാ രാജ്യങ്ങളിലും എല്ലാ സംസ്ഥാനങ്ങളിലും കൊറോണ വൈറസ് ഉണ്ട്. തെലങ്കാനയിൽ മാത്രമല്ല കൊറോണ വൈറസുള്ളത്. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ മരണ നിരക്ക് വളരെ കുറവാണ്. അതുപോലെ കൊവിഡ് സൗഖ്യം നേടുന്ന രോ​ഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ട്.' കൊവിഡ് അവലോകന യോ​ഗത്തിൽ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു. 

'കൊവിഡ് രോ​ഗികൾക്ക് ചികിത്സ നൽക്കാൻ ആശുപത്രികളിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഹൈദരാബാദിൽ മാത്രം ഓക്സിജൻ വിതരണ സംവിധാനത്തോടു കൂടിയ 3000 കിടക്കകളാണ് ​ഗാന്ധി, ടിംസ് ആശുപത്രികളിൽ തയ്യാറാക്കിയിരിക്കുന്നത്. ഓക്സിജൻ സംവിധാനമുള്ള 5000 കിടക്കകൾ സംസ്ഥാനത്ത് സദാ സജ്ജമാണ്. കൊറോണ രോ​ഗികൾക്കായി 10000 കിടക്കകളൾ വേറെയുമുണ്ട്. അതുപോലെ 1500 വെന്റിലേറ്ററും തയ്യാറാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് പിപിഇ കിറ്റുകളും എൻ 95 മാസ്കുകളുമാണ് ഉളളത്.' സംസ്ഥാനത്തെ കൊറോണ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് ചന്ദ്രശേഖര്‍ റാവു വിശദീകരിച്ചു. 

'സംസ്ഥാനത്ത് മരുന്നുകളുടെയോ ഉപകരണങ്ങളുടെയോ ദൗർലഭ്യമില്ല. ‍ഡോക്ടർമാരും ഉദ്യോസ്ഥരും മികച്ച സേവനമാണ് നൽകുന്നത്. വിമർശനങ്ങളോടും വിലകുറഞ്ഞ അഭിപ്രായപ്രകടനങ്ങളോടും പ്രതികരിക്കേണ്ട ആവശ്യമില്ല. ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഏറ്റവും മികച്ച ചികിത്സ ഫലപ്രദമായി നൽകുന്നതിൽ ഡോക്ടർമാർ ശ്രദ്ധിക്കണം.' അദ്ദേഹം കൂട്ടിച്ചേർത്തു. 

click me!