തൃണമൂൽ ഐടി മേധാവിയുടെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡ്; പാഞ്ഞെത്തി മുഖ്യമന്ത്രി മമത, കടുത്ത പ്രതിഷേധം; ബംഗാളിൽ നാടകീയ രംഗങ്ങൾ

Published : Jan 08, 2026, 01:20 PM ISTUpdated : Jan 08, 2026, 01:51 PM IST
mamata banerjee

Synopsis

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഐ ടി വിഭാഗം മേധാവി പ്രദീക് ജയിനിന്റെ വസതിയിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. റെയ്ഡിനിടെ മുഖ്യമന്ത്രി മമതാ ബാനർജി സ്ഥലത്തെത്തി, ഇത് ബി ജെ പിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഐ ടി വിഭാഗം മേധാവിയും രാഷ്ട്രീയ ഉപദേശക ഏജൻസിയായ ഐ പാക്കിന്റെ തലവനുമായ പ്രദീക് ജയിനിന്റെ വീട്ടിലും ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മിന്നൽ റെയ്ഡ് നടത്തി. സാൾട്ട് ലേക്കിലെ ഐ പാക് ഓഫീസിലും കൊൽക്കത്തയിലെ പ്രദീക് ജയിനിന്റെ വസതിയിലുമായിരുന്നു പരിശോധന. 2021 ലെ കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടിയെന്നാണ് പ്രാഥമിക സൂചനകൾ. പരിശോധന നടക്കുന്നതിനിടെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രദീക് ജയിനിന്റെ വസതിയിൽ നേരിട്ടെത്തിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി ജെ പി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് മമത വിമർശിച്ചു.

ബി ജെ പിക്കെതിരെ മമതയുടെ കടുത്ത പ്രതിഷേധം

പാർട്ടിയുടെ ആഭ്യന്തര രേഖകളും സ്ഥാനാർത്ഥി പട്ടികയും ഹാർഡ് ഡിസ്കുകളും പിടിച്ചെടുക്കാനാണ് ഇ ഡി ശ്രമിക്കുന്നതെന്ന് ആരോപിച്ച മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും കടുത്ത വിമർശനം ഉന്നയിച്ചു. 'ബി ജെ പി ഓഫീസുകളിൽ ഞങ്ങൾ ( സംസ്ഥാന പൊലീസ്) ഇത്തരത്തിൽ റെയ്ഡ് നടത്തിയാൽ എന്തായിരിക്കും അവസ്ഥ?' എന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രിയുടെ ചോദ്യം. റെയ്ഡ് നടക്കുന്നതിനിടെ ഒരു പച്ച ഫയലുമായി സ്ഥലത്തെത്തിയ മമത, പാർട്ടി രേഖകൾ സംരക്ഷിക്കാനാണ് താൻ എത്തിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. കൊൽക്കത്ത പൊലീസ് കമ്മീഷണർ മനോജ് വർമ്മയും സ്ഥലത്തെത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രിയുടെയും ജോലി രാഷ്ട്രീയ പാർട്ടികളുടെ ഐ ടി വിഭാഗങ്ങളുടെ ഓഫീസിൽ റെയ്ഡ് നടത്തുന്നതാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പാർട്ടി രേഖകൾ പിടിച്ചെടുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ഇ ഡി നീക്കം പാർട്ടിയെ തകർക്കാൻ ആണെന്നും മമത ആരോപിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനനെ വിജയത്തിലെത്തിക്കാൻ വലിയ പങ്കാണ് ഐ പാക്ക് വഹിച്ചത്. സംഭവത്തെത്തുടർന്ന് പശ്ചിമ ബംഗാളിൽ രാഷ്ട്രീയ സാഹചര്യം വീണ്ടും വഷളായിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് ബംഗാൾ

2026 മെയ് മാസത്തിൽ കാലാവധി അവസാനിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം മാറിക്കഴിഞ്ഞു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രധാന പ്രതിപക്ഷമായ ബി ജെ പിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് ബംഗാൾ സാക്ഷ്യം വഹിക്കാൻ പോകുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ (എസ് ഐ ആർ) 58 ലക്ഷത്തിലധികം വോട്ടർമാരെ ഒഴിവാക്കിയത് ഇതിനകം തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനർജി മണ്ഡലം സന്ദർശനങ്ങളും ജനസമ്പർക്ക പരിപാടികളുമായി സജീവമായപ്പോൾ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ബി ജെ പിയും തന്ത്രങ്ങൾ മെനയുകയാണ്. അഴിമതിയും കുടിയേറ്റവും പ്രധാന ചർച്ചാവിഷയങ്ങളാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. അതേസമയം അധികാരത്തിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിൽ സി പി എമ്മും സംസ്ഥാനത്തുടനീളം പദയാത്രകളും മറ്റുമായി പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പിണക്കം അവസാനിപ്പിച്ച് തിരികെ വരണമെന്ന ആവശ്യം തള്ളി; ഭാര്യയെ ഭര്‍ത്താവ് അടിച്ചു കൊന്നു, പ്രതി പിടിയിൽ
ചരിത്രത്തിനരികെ നിർമ്മല സീതാരാമൻ; രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി, കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന്, പ്രത്യേകതകൾ ഏറെ