
ഗുവാഹത്തി: ബിജെപിയുടെ ചിഹ്നം വരക്കാനും രാജ്യത്തിന്‍റെ നിര്‍മ്മിതിക്ക് വേണ്ടി ജവഹര്‍ലാല്‍ നെഹ്റു സ്വീകരിച്ച തെറ്റായ സമീപനങ്ങള്‍ വിവരിക്കാന്‍ ആവശ്യപ്പെട്ട് പരീക്ഷയിലെ ചോദ്യം. മണിപ്പൂരിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്ലസ് ടു പരീക്ഷയിലേതാണ് ചോദ്യങ്ങള്‍. നാലുമാര്‍ക്ക് വീതമുള്ള ചോദ്യങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്.
രാജ്യനിര്‍മ്മാണത്തിന് വേണ്ടി നെഹ്റു സ്വീകരിച്ചതിലെ നാലു തെറ്റായ സമീപനങ്ങളെ കുറിച്ച് വിവരിക്കാനാണ് ചോദ്യം ആവശ്യപ്പെടുന്നത്. എന്നാല്‍ പരീക്ഷയില്‍ ഇത്തരത്തില്‍ ചോദ്യം വന്നതുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സംസ്ഥാന ബിജെപി നേതൃത്വം പറയുന്നു. ഹയര്‍ സെക്കന്‍ഡറി എജുക്കേഷന്‍ കൗണ്‍സിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയത്. മനപൂര്‍വ്വം ജവഹര്‍ലാല്‍ നെഹ്റുവിനെ മോശമായി ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ചോദ്യമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
അധുനിക ഇന്ത്യയുടെ ശില്‍പിക്കെതിരെയുള്ള അക്രമമാണ് ഇതെന്നും കോണ്‍ഗ്രസ് വക്താവ് നിഗോംബം ഭൂപേന്ദ മെയ്തേയ് പറഞ്ഞു. ബിജെപിയുടെ മനസിലുള്ളതാണ് ചോദ്യപേപ്പറില്‍ കണ്ടതെന്നുമാണ് ആരോപണം. യുവതലമുറയുടെ മനസില്‍ വിഷം കുത്തി വയ്ക്കാനുള്ള ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ നെഹ്റുവിന്‍റെ ആശയങ്ങള്‍ ഇത്തരം പ്രയത്നങ്ങളിലൂടെ കൂടുതല്‍ ശക്തമാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam