
മുംബൈ: എംഎസ്ആർടിസി ബസിന് നേരെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് കർണാടകയിലേക്കുള്ള സംസ്ഥാന ഗതാഗത ബസുകൾ നിർത്തിവെക്കാൻ മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് ഉത്തരവിട്ടു. വെള്ളിയാഴ്ച രാത്രി 9.10 ഓടെ ചിത്രദുർഗയിൽ ബെംഗളൂരുവിൽ-മുംബൈ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) ബസിന് നേരെ കന്നഡ അനുകൂല പ്രവർത്തകർ ആക്രമണം നടത്തിയതതിനെ തുടർന്നാണ് സർവീസ് നിർത്തിവെക്കുന്നതെന്ന് സർനായിക് പറഞ്ഞു.
ഡ്രൈവർ ഭാസ്‌കർ ജാദവിന്റെ മുഖത്ത് കറുപ്പ് തേക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കർണാടക സർക്കാർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നതുവരെ കർണാടകയിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു സംഭവത്തിൽ മഹാരാഷ്ട്ര അതിർത്തിയിലുള്ള ബെലഗാവിയുടെ പ്രാന്തപ്രദേശത്ത്, മറാത്തിയിൽ മറുപടി നൽകാത്തതിന് കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിലെ ഒരു കണ്ടക്ടറെ ആക്രമിച്ചതായി ആരോപിക്കപ്പെടുന്നു.
Read More.... കോൺഗ്രസിന് തരൂരിന്റെ മുന്നറിയിപ്പ്; 'പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ട്'
ചിത്രദുർഗയിൽ എംഎസ്ആർടിസി ബസിന് നേരെയുണ്ടായ ആക്രമണം കണ്ടക്ടറെ ആക്രമിച്ചതിന്റെ പ്രതികാരമായിരുന്നോ ഈ സംഭവം എന്ന് വ്യക്തമല്ല. പരിക്കേറ്റ ബസ് കണ്ടക്ടറെ ബെലഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. കണ്ടക്ടറെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തതായും 14 വയസ്സുള്ള പെൺകുട്ടി നൽകിയ എതിർ പരാതിയുടെ അടിസ്ഥാനത്തിൽ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് കണ്ടക്ടർക്കെതിരെ പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.