
ദില്ലി: ഒഡീഷയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ട്രക്ക് ഡ്രൈവറുടെ അതിക്രമം. യുവതിയെ ഡ്രൈവർ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുന്നതിൻ്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വ്യാഴാഴ്ച അർദ്ധരാത്രി നടന്ന സംഭവത്തിൽ പ്രതിക്കും യുവതിക്കുമായുള്ള ഊര്‍ജിതമായ അന്വേഷണം തുടരുകയാണ് പൊലീസ്. ഭദ്രക് ടൗണിന് സമീപത്തെ ഒരു കടയുടെ വരാന്തയിൽ നിൽക്കുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് സംഭവം പുറത്തറിയാൻ കാരണമായത്.
ദൃശ്യങ്ങൾ പ്രകാരം, പ്രതി സഞ്ചരിച്ച ട്രക്ക് യുവതിയുടെ മുന്നിലൂടെ ആദ്യം നീങ്ങിപ്പോവുകയും നിമിഷങ്ങൾക്കകം പിന്നോട്ട് വന്ന് കടയുടെ മുന്നിൽ നിർത്തുകയും ചെയ്തു. സംശയം തോന്നിയ യുവതി വരാന്തയുടെ മുന്നിലേക്ക് നടന്നുപോകുന്നത് കാണാം. എന്നാൽ ട്രക്കിൽ നിന്ന് പുറത്തിറങ്ങിയ പ്രതി ചുറ്റുപാടുകൾ നിരീക്ഷിച്ച് ആരുമില്ലെന്ന് ഉറപ്പുവരുത്തി, യുവതിക്ക് നേരെ ഓടിയടുക്കുകയും അടുത്തുള്ള തൂണിനോട് ചേർത്ത് തടഞ്ഞുനിർത്തുകയും ചെയ്തു. റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത് വരെ കാത്തുനിന്ന ശേഷം, ഇയാൾ യുവതിയെ എടുത്ത് ട്രക്കിലേക്ക് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തെ തുടർന്ന് പൊലീസ് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ദേശീയപാതയിലെ നിരീക്ഷണ ക്യാമറകളും മറ്റ് രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും പ്രതിയെ വേഗത്തിൽ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.