ശമ്പളം വെട്ടിക്കുറച്ചു, കമ്പനിയുടെ ഓടിക്കൊണ്ടിരുന്ന ബസിന് തീയിട്ട് ഡ്രൈവർ; പൂനെയിൽ 4 പേർക്ക് ദാരുണാന്ത്യം

Published : Mar 20, 2025, 11:39 PM IST
ശമ്പളം വെട്ടിക്കുറച്ചു, കമ്പനിയുടെ ഓടിക്കൊണ്ടിരുന്ന ബസിന് തീയിട്ട് ഡ്രൈവർ; പൂനെയിൽ 4 പേർക്ക് ദാരുണാന്ത്യം

Synopsis

ഡ്രൈവറുടെ ശമ്പളം വെട്ടിക്കുറച്ചതിൽ അതൃപ്തിയുണ്ടായിരുന്നെന്നും, ഇത് പ്രതികാര  നടപടിയ്ക്ക് ആക്കം കൂട്ടിയെന്നും പൊലീസ്

പൂനെ: പൂനെയ്ക്ക് സമീപം സ്വകാര്യ സ്ഥാപനത്തിന്റെ മിനിബസിൽ തീപിടിത്തമുണ്ടായി നാല് ജീവനക്കാ‍‌ർ മരിച്ച സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തി പൊലീസ്. ഡ്രൈവറുടെ പ്രതികാര നടപടിയാണ് ഈ വലിയ ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തമുണ്ടായത് സാധാരണ അപകടം പോലെയല്ലെന്നും, ഡ്രൈവറുടെ കരുതിക്കൂട്ടിയുള്ള പ്രതികാര നടപടി പ്രകാരമാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിശാൽ ഗെയ്‌ക്‌വാഡ് പറഞ്ഞതായി പിടിഐ റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്. 

മിനി ബസിന്റെ ഡ്രൈവറായിരുന്ന ജനാർദൻ ഹംബർദേക്കറിന് കമ്പനിയിലെ മറ്റു ചില ജീവനക്കാരുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഡ്രൈവറുടെ ശമ്പളം വെട്ടിക്കുറച്ചതിൽ അതൃപ്തിയുണ്ടായിരുന്നെന്നും, ഇത് പ്രതികാര 
നടപടിയ്ക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം നാലുപേരിൽ പ്രതിക്ക് പകയുള്ള ആരും തന്നെ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. 

ബുധനാഴ്ച രാവിലെയോടെ പൂനെ നഗരത്തിനടുത്തുള്ള ഹിഞ്ചവാഡി പ്രദേശത്താണ് സംഭവം നടന്നത്. വ്യോമ ​ഗ്രാഫിക്സ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ബസിലാണ് തീപിടിത്തമുണ്ടായത്. 14 ജീവനക്കാരെയും കൊണ്ട് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു ബസ്. പ്രതി ബെൻസീൻ എന്ന ഉയർന്ന സ്ഫോടക ശേഷിയുള്ള രാസവസ്തു കയ്യിൽ കരുതിയിരുന്നു. ടോണറുകൾ തുടയ്ക്കാൻ ഉപയോഗിക്കുന്ന ഒരു തുണിയും അയാൾ ബസിൽ സൂക്ഷിച്ചിരുന്നു. ബസ് ഹിഞ്ചവാഡിക്ക് സമീപം എത്തിയപ്പോൾ പ്രതി സൂക്ഷിച്ചിരുന്ന തുണിയിൽ തീപിടിപ്പിച്ച് ബസിൽ ഇടുകയായിരുന്നു. ഇതിനു ശേഷം പ്രതി ഓടുന്ന ബസിൽ നിന്ന് ചാടിയിറങ്ങുകയും ചെയ്തു. ഏകദേശം നൂറ് മീറ്റർ ദൂരം ഓടിയ ബസ് പിന്നീട് ആളിക്കത്തി ഓട്ടം നിർത്തുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഡ്രൈവർക്കും ഇതിനിടെ പൊള്ളലേറ്റു. നിലവിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്, പിന്നീട് അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ശങ്കർ ഷിൻഡെ (63), രാജൻ ചവാൻ (42), ഗുരുദാസ് ലോകരെ (45), സുഭാഷ് ഭോസാലെ (44) എന്നിവരാണ് മരിച്ചത്. ഇവർ പിന്നിൽ ഇരിക്കുകയായിരുന്നതിനാൽ എമർജൻസി എക്സിറ്റ് വിൻഡോ യഥാസമയം തുറക്കാൻ കഴിയാതെ മരിക്കുകയായിരുന്നു. കൂടാതെ, മറ്റ് ആറ് യാത്രക്കാർക്കും പൊള്ളലേറ്റു. കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഡിസിപി കൂട്ടിച്ചേർത്തു.

രാധാകൃഷ്ണനെ വെടിവെച്ച് കൊന്നതിന് കാരണം വ്യക്തി വിരോധം? തോക്ക് കണ്ടെത്തിയിട്ടില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'