നിരന്തരം പാക് ഡ്രോണുകളെത്തുന്നു, വെടിവെച്ചിട്ട് ബിഎസ്എഫ്, അതി‍ര്‍ത്തിയിൽ പിടിക്കുന്നത് കിലോ കണക്കിന് ഹെറോയിൻ

By Web TeamFirst Published Dec 4, 2022, 3:43 PM IST
Highlights

പഞ്ചാബിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ വീണ്ടും ഡ്രോൺ പിടിച്ചെടുത്തു. തരൻ താരണിൽ പൊലീസും ബി എസ് എഫും ചേർന്നാണ് ഡ്രോൺ പിടിച്ചെടുത്തത്.  

ചണ്ഡീഗഢ്: പഞ്ചാബിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ വീണ്ടും ഡ്രോൺ പിടിച്ചെടുത്തു. തരൻ താരണിൽ പൊലീസും ബി എസ് എഫും ചേർന്നാണ് ഡ്രോൺ പിടിച്ചെടുത്തത്.  മൂന്ന് കിലോ ഹെറോയിനാണ് ഡ്രോൺ ഉപയോഗിച്ച് കടത്താൻ ശ്രമിച്ചത്. തരൻ തരൺ ജില്ലയിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലാണ് മൂന്ന് കിലോ ഹെറോയിനുമായി  ഡ്രോൺ കണ്ടെത്തിയത്. ഇക്കാര്യം സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചു.

പഞ്ചാബ് പൊലീസിന്റെയും അതിർത്തി രക്ഷാസേന(ബിഎസ്എഫ്)യുടെയും സംയുക്ത ഓപ്പറേഷനിലാണ് ഹെറോയിൻ വേട്ടയെന്ന് ഡിജിപി ഗൗരവ് യാദവ് ട്വീറ്റ് ചെയ്തു.  അതിർത്തി കടന്നുള്ള കള്ളക്കടത്ത് മാഫിയക്കെതിരായ പ്രത്യേക ഡ്രൈവിന്റെ ഭാഗമയി  തരൻ തരൺ പൊലീസും ബിഎസ്‌എഫും സംയുക്ത ഓപ്പറേഷനിൽ ടാർൺ തരണിലെ പിഎസ് വാൽതോഹയിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോ ഹെറോയിൻ അടങ്ങിയ ക്വാഡ്‌കോപ്റ്റർ ഡ്രോൺ കണ്ടെടുത്തു എന്നാണ് ഡിജിപി അറിയിച്ചത്.

കഴിഞ്ഞ ദിവസം ബിഎസ്എഫ്  പഞ്ചാബ് അതിർത്തിയിൽ മയക്കുമരുന്നുമായി പറന്ന ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തിയിരുന്നു. ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾമാരായിരുന്നു ഡ്രോൺ വഴിയുള്ള കള്ളക്കടത്ത് തടഞ്ഞത്.  തിങ്കളാഴ്ച രാത്രിയാണ് ഇവർ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയത്. ഒറ്റ രാത്രിയിൽ രണ്ട് പാകിസ്ഥാൻ ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയത്. ഏഴടി നീളവും 19 കിലോഗ്രാം ഭാരവുമുള്ള ഡ്രോണിൽ നിന്ന് 6.5 കിലോഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്.

ബിഎസ്‌എഫിന്റെ 73-ാം ബറ്റാലിയന്റെ കീഴിലുള്ള ബോർഡർ ഔട്ട് പോസ്റ്റിൽ ദരിയ മൻസൂറിൽ വിന്യസിച്ചിരിക്കുന്ന വനിതാ കോൺസ്റ്റബിൾമാരായ പ്രീതിയും ഭാഗ്യശ്രീയുമാണ് ഡ്രോൺ വെടിവെച്ച് അഭിമാനമായതെന്ന് പഞ്ചാബ് ഫ്രോണ്ടിയർ ബിഎസ്‌എഫ് ഇൻസ്പെക്ടർ ജനറൽ  ആസിഫ് ജലാൽ പറഞ്ഞു. ഇവരെ ബിഎസ്എഫ് ഡിഐജി ആദരിച്ചു. ഇവർക്ക് പാരിതോഷികമായി പണം നൽകിയതായും അധികൃതർ പറഞ്ഞു.  പ്രദേശത്ത് നടത്തിയ തിരച്ചിലിൽ മൂന്ന് കിലോ ഹെറോയിൻ ബിഎസ്എഫ് കണ്ടെടുത്തു. പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ തൈമൂർ ഷഹീദ് പോസ്റ്റിന്റെ പ്രദേശത്ത് നിന്നാണ് പാകിസ്ഥാൻ ഡ്രോൺ പറന്നുയർന്നത്.

'അക്രമാസക്തനായി പഞ്ഞടുത്തു'; ഇന്ത്യ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരാളെ സുരക്ഷാ സേന വധിച്ചു

28ന് രാത്രി തരൺ ജില്ലയിലെ ഹർഭജൻ ബിഒപിക്ക് സമീപം പാകിസ്ഥാനിൽ നിന്ന് പറന്നുയർന്ന ഡ്രോൺ ബിഎസ്എഫ് സൈനികർ കണ്ടെത്തിയിരുന്നു. 6.23 കിലോ ഹെറോയിൻ ബിഎസ്എഫ് കണ്ടെടുത്തതായും ആസിഫ് പറഞ്ഞു. ബിഎസ്‌എഫിന്റെ വടായി ചീമ ബിഒപിക്ക് സമീപം മറ്റൊരു പാകിസ്ഥാൻ ഡ്രോൺ കണ്ടതായി ബിഎസ്‌എഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പ്രഭാകർ ജോഷി പറഞ്ഞു. 

click me!