വരൾച്ച രൂക്ഷം; കുലത്തൊഴിൽ നിർത്തേണ്ട ഗതികേടിൽ ചെന്നൈയിലെ അലക്ക് തൊഴിലാളികള്‍

By Web TeamFirst Published Jul 7, 2019, 5:54 AM IST
Highlights

ഒരു മണിക്കും രണ്ട് മണിക്കുമൊക്കെ വെള്ളത്തിനായി കാത്തിരിക്കുന്നത് കൊണ്ട് രാത്രി ഉറക്കം പോലുമില്ലെന്നും അലക്കുതൊഴിലാളിയായ സെല്‍വം

ചെന്നൈ: ഇടയ്ക്ക് മഴ എത്തിയെങ്കിലും ചെന്നൈയില്‍ ജലക്ഷാമം വിട്ടുമാറിയിട്ടില്ല. സമാനതകളില്ലാത്ത ഭീഷണിയാണ് ചെന്നൈയിലെ അലക്ക് തൊഴിലാളികള്‍ നേരിടുന്നത്. വെള്ളം ലഭിക്കാതായതോടെ പാരമ്പര്യമായി ചെയ്ത് വന്നിരുന്ന തൊഴില്‍ ഉപേക്ഷിക്കേണ്ട ഗതികേടിലാണിവര്‍.

നേരത്തെ 150 തുണി വരെ കഴുകിയിരുന്ന ഇവർക്ക് ഇപ്പോൾ അതിന് സാധിക്കുന്നില്ല. ഒരു മണിക്കും രണ്ട് മണിക്കുമൊക്കെ വെള്ളത്തിനായി കാത്തിരിക്കുന്നത് കൊണ്ട് രാത്രി ഉറക്കം പോലുമില്ലെന്നും അലക്കുതൊഴിലാളിയായ സെല്‍വം പറയുന്നു.

തലമുറകളായി ഈ ജോലിയാണ് ചെയ്യുന്നതെന്നും മറ്റൊരു പണിയും അറിയില്ലെന്നും പറയുന്നു, ദുരിതത്തിലായ ചെന്നൈയിലെ അലക്കുതൊഴിലാളികൾ. ഒരു കിടക്കവിരിക്ക് 20 രൂപ വാങ്ങിയാണ് ജീവിതം തള്ളി നീക്കുന്നതെന്ന് അലക്കുതൊഴിലാളിയായ വല്ലി പറയുന്നു

കുഴല്‍ക്കിണറും ആകെ ആശ്രയമായിരുന്ന മെട്രോ ജലവും നിലച്ചതോടെയാണ് ഇവരുടെ ഉപജീവനം വഴിമുട്ടിത്തുടങ്ങിയത്. 144 അലക്കുതൊഴിലാളികള്‍ ദിനം പ്രതി ജോലി ചെയ്തിരുന്ന ചേറ്റ്പേട്ടില്‍ ഇപ്പോളുള്ളത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അലക്കി കൊടുത്തിരുന്ന തുണികളുടെ എണ്ണവും പകുതിയലധികമായി കുറഞ്ഞു.

വില ഇരട്ടിയാണെങ്കിലും സ്വകാര്യ വാട്ടര്‍ ടാങ്കറുകളാണ് ഏക ആശ്രയം. എന്നാല്‍, തുച്ഛമായ വരുമാനത്തിനിടെ വെള്ളം വാങ്ങുന്നത് ഭാരമായി തുടങ്ങിയതോടെ മറ്റു വഴികള്‍ തേടുകയാണ് ചെന്നൈയിലെ അലക്ക് തൊഴിലാളികൾ. 

click me!