
ഹൈദരാബാദ്: തെലങ്കാനയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ദുബാക്ക മണ്ഡലത്തിൽ ബിജെപിക്ക് അട്ടിമറി വിജയം. തെലുങ്കാന രാഷ്ട്രസമിതിയുടെ ശക്തി കേന്ദ്രമായ മണ്ഡലത്തിൽ ടിആർഎസ്സിന്റെ സൊലീപേട്ട സുജാതയെ 1,118 വോട്ടുകൾക്കാണ് ബിജെപിയുടെ എം. രഘൂനന്ദൻ റാവു തോൽപ്പിച്ചത്. ബിജെപി 62,772 വോട്ടും ടിആർഎസ് 61,302 വോട്ടും കോൺഗ്രസ് 21,819 വോട്ടും നേടി. ഔദ്യോഗിക ഫലപ്രഖ്യാപനം അൽപ്പസമയത്തിനുള്ളിലുണ്ടാകും. തോൽവിയുടെ കാരണം പരിശോധിച്ച് പരിഹരിക്കുമെന്ന് ടിആർഎസ് നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു
മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെടി രാമ റാവുവിന്റെയും മണ്ഡലത്തോട് ചേർന്നു കിടന്ന മണ്ഡലമാണ് ദുബാക്ക. ടിആർഎസ് എംഎൽഎ രാമലിംഗ റെഡ്ഢിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചന്ദ്രശേഖർ റാവുവിന്റെ മരുമകനും ധനമന്ത്രിയുമായ ഹരീഷ് റാവു ആയിരുന്നു ഇവിടെ തെരഞ്ഞെടുപ്പ് പ്രവർത്തനം നിയന്ത്രിച്ചത്. വലിയ പ്രതീക്ഷ പുലർത്തിയ മണ്ഡലം ബിജെപി പിടിച്ചത് ടിആർഎസിനും ചന്ദ്രശേഖർ റാവുവിനും വലിയ തിരിച്ചടിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam