Latest Videos

ഹരിയാനയില്‍ ബിജെപിക്ക് വേണ്ടി ഗോദയിലിറങ്ങിയ യോഗേശ്വര്‍ ദത്തിന് പരാജയം

By Web TeamFirst Published Nov 10, 2020, 3:49 PM IST
Highlights

കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ ശ്രീകൃഷ്ണന്‍ ഹൂഡ അന്തരിച്ചതിനെ തുടര്‍ന്നാണ് ബറോഡ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പോയ വര്‍ഷം ബറോഡയില്‍ കൃഷ്ണന്‍ ഹൂഡയ്‌ക്കെതിരെയും ബിജെപി സ്ഥാനാര്‍ത്ഥിയായി യോഗേശ്വര്‍ മത്സരിച്ചിരുന്നു

ദില്ലി: ഹരിയാന ഉപതെരഞ്ഞെടുപ്പില്‍ ബറോഡ മണ്ഡലത്തില്‍ ബിജെപിക്കായി ഗോദയിലിറങ്ങിയ മുന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന് വമ്പിച്ച പരാജയം. ഏതാണ്ട് 12,300 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന്റെ ഇന്ദുരാജിനോട് യോഗേശ്വര്‍ ദത്ത് പരാജയം സമ്മതിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ ശ്രീകൃഷ്ണന്‍ ഹൂഡ അന്തരിച്ചതിനെ തുടര്‍ന്നാണ് ബറോഡ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പോയ വര്‍ഷം ബറോഡയില്‍ കൃഷ്ണന്‍ ഹൂഡയ്‌ക്കെതിരെയും ബിജെപി സ്ഥാനാര്‍ത്ഥിയായി യോഗേശ്വര്‍ മത്സരിച്ചിരുന്നു. 

എന്നാല്‍ അന്നും പരാജയമായിരുന്നു ഫലം. 2019 സെപ്തംബറില്‍ ബിജെപിയിലേക്ക് ചേക്കേറിയ യോഗേശ്വര്‍ അതിന് തൊട്ടടുത്ത മാസം തന്നെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഒളിംപിക്‌സില്‍ ഇന്ത്യക്കായി വെങ്കലമെഡല്‍ നേടിയ താരമാണ് യോഗേശ്വര്‍. 2010, 2014 കോമ്മണ്‍വെല്‍ത്ത് ഗെയിംസുകളില്‍ സ്വര്‍ണ്ണമെഡലും 2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി സ്വര്‍ണ്ണമെഡലും നേടിയിട്ടുണ്ട്. 

എന്നാല്‍ ഈ നേട്ടങ്ങളൊന്നും രാഷ്ട്രീയത്തില്‍ തുറുപ്പുചീട്ടായി ഇറക്കാന്‍ യോഗേശ്വറിനോ ബിജെപിക്കോ ആയില്ലെന്ന് വേണം കരുതാന്‍. നരേന്ദ്ര മോദിയാണ് തനിക്ക് രാഷ്ട്രീയ പ്രവേശനത്തിന് ഊര്‍ജ്ജമായതെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് തന്നെ സ്വാധീനിച്ചതെന്നും നേരത്തേ യോഗേശ്വര്‍ ദത്ത് പറഞ്ഞിരുന്നു. 

യുവാക്കളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യപ്പെടുന്നതെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ യോഗേശ്വര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങളും ജനം ചെവിക്കൊണ്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

Also Read:- സ്‌കോര്‍ ചെയ്ത് ജ്യോതിരാദിത്യ സിന്ധ്യ, എങ്ങുമില്ലാതെ കോണ്‍ഗ്രസ്, മധ്യപ്രദേശ് ബിജെപിക്കൊപ്പം...

click me!