
ദില്ലി: ദില്ലിയിലും രാജസ്ഥാനിലും വിവിധയിടങ്ങളിൽ പൊടിക്കാറ്റ് വീശിയടിച്ചു. അന്തരീക്ഷത്തെയാകെ വിഴുങ്ങിയ കനത്ത പൊടിപടലങ്ങൾ കാരണം പ്രദേശമാകെ ഇരുട്ടു പരന്നു. ആകാശത്തോളം ഉയർന്നുപൊങ്ങി പൊടിക്കാറ്റ് ആഞ്ഞടിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പൊടിക്കാറ്റിനെ തുടർന്ന് രാജസ്ഥാനിലെ ബിക്കാനീറിൽ പ്രധാന റോഡുകളിൽ കാഴ്ചപരിധി പൂർണ്ണമായും തടസ്സപ്പെട്ടു. അന്തരീക്ഷമാകെ മഞ്ഞ കലർന്ന തവിട്ടുനിറമായത് ഗതാഗതം ദുഷ്കരമാക്കി. കാറ്റിന്റെ വേഗത കൂടിയതോടെ പലയിടങ്ങളിലും ജനങ്ങൾ പരിഭ്രാന്തരായി.
കടയുടമകൾ ഭയന്ന് കടകൾ അടയ്ക്കുകയും വഴിയാത്രക്കാർ പരിഭ്രാന്തരാവുകയും ചെയ്തു. ജനജീവിതം സ്തംഭിപ്പിച്ച നിലയിലായി. ശക്തമായ കാറ്റിൽ മരച്ചില്ലകൾ ഒടിഞ്ഞുവീഴുകയും പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. മോശം കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജസ്ഥാനിലെ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്തു. ധോൽപൂർ ജില്ലയിലെ ബാരിയിലാണ് ഏറ്റവും കൂടുതൽ മഴ (58 മില്ലിമീറ്റർ) ലഭിച്ചത്. ഇന്ന് ബിക്കാനീർ, ജയ്പൂർ, അജ്മീർ, ഭരത്പൂർ, കോട്ട, ജോധ്പൂർ, ഉദയ്പൂർ ഡിവിഷനുകളിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ജയ്പൂരിലെ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു.
Not a Hollywood movie effects , but a real Dust storm in Rajasthan . pic.twitter.com/7Rd9jI33PT
— Aditya Singh (@Beingadiisingh) May 30, 2026
ദില്ലിയിലും പലയിടങ്ങളിലും പൊടിക്കാറ്റ് ആഞ്ഞടിച്ചു. മണിക്കൂറിൽ 50 മുതൽ 70 വരെ കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മേയ് മാസത്തിന്റെ അവസാന വാരത്തിൽ വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ പൊതുവെ പൊടിക്കാറ്റ് ആഞ്ഞടിക്കാറുണ്ട്. കഠിനമായ വേനൽച്ചൂട് ഭൂമിയെ ചൂടുപിടിപ്പിക്കുകയും അന്തരീക്ഷത്തെ അസ്ഥിരമാക്കുകയും ചെയ്യുന്നതാണ് കാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam