
മൈസൂരൂ: കൊവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങൾ. രാജ്യമൊട്ടാകെ ഉള്ള ജനങ്ങൾ അതിജീവനത്തിനായി പോരാടുമ്പോൾ വിവാഹമല്ല, സുരക്ഷയാണ് വലുതെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ഡിവൈഎസ്പി. കർണാടകയിലെ മാലവള്ളി സബ്ഡിവിഷനിലെ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടായ എം.ജെ പൃഥ്‍വിയാണ് വിവാഹം മാറ്റിവച്ച് മറ്റുള്ളവർക്ക് മാതൃകയായിരിക്കുന്നത്.
മെയ് അഞ്ചിനാണ് ഐആര്‍എസ് ഓഫീസറായ ധ്യായമപ്പ ഐരാണിയും പൃഥ്‍വിയും തമ്മിലുള്ള വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. ധ്യായമപ്പയുടെ സ്വദേശമായി ധര്‍വാഡുള്ള ശ്രീ ബി.ഡി കണ്‍വെന്‍ഷന്‍ സെന്റില്‍ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതോടനുബന്ധിച്ച് മൈസൂരൂ സ്വദേശിയായ പൃഥ്‍വി മെയ് 10ന് പൊലീസ് ഭവനില്‍ വച്ച് റിസ്പഷന്‍ നടത്താനും തീരുമാനിച്ചിരുന്നു.
ഇതിനിടയിലാണ് കൊവിഡ് വ്യാപിച്ചതും രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തത്. ഇതോടെ വിവാഹം നീട്ടിവയ്ക്കാൻ പൃഥ്‍വി തീരുമാനിക്കുകയായിരുന്നു.
"എല്ലായിടത്തും കൊവിഡ് വളരെയധികം രൂക്ഷമാണ്. മാലവള്ളിയില്‍ തന്നെ പത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലളിതമായ ചടങ്ങ് നടത്തിയാല്‍ പോലും കുറഞ്ഞത് നൂറ് പേരെയെങ്കിലും ക്ഷണിക്കേണ്ടിവരും. അതൊരിക്കലും സുരക്ഷിതമാകില്ല. അതുകൊണ്ടാണ് വിവാഹം നീട്ടിവച്ചത്," പൃഥ്‍വി പറയുന്നു.
പൃഥ്‍വിയുടെ തീരുമാനത്തെ സഹപ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തു. പൃഥ്‍വിയെ അഭിനന്ദിച്ചുകൊണ്ട് എം.പി സുമലത അംബരീഷും രംഗത്തെത്തി. മൈസൂരിലെ കര്‍ണാടക പൊലീസ് അക്കാദമിയില്‍ നിന്ന് 2019ലാണ് പൃഥ്‍വി പരിശീലനം പൂര്‍ത്തിയാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam