'റമ്മിയും പോക്കറും ഭാഗ്യപരീക്ഷണങ്ങളല്ല, ബുദ്ധി ഉപയോഗിച്ചുള്ള കളികൾ '; ചൂതാട്ട നിരോധനത്തിനെതിരായ ഹ‍ർജി കോടതിയിൽ

By Web TeamFirst Published Nov 11, 2022, 12:40 PM IST
Highlights

റമ്മിയും പോക്കറും അടക്കമുള്ള ഗെയിമുകൾ ഭാഗ്യപരീക്ഷണങ്ങളല്ല, കഴിവും ബുദ്ധിയും ഉപയോഗിച്ച് കളിക്കേണ്ടവയാണ് എന്നാണ് ഹർജിക്കാരുടെ വാദം. ഇക്കാര്യം ലോ കമ്മീഷന്‍ റിപ്പോർട്ട് അംഗീകരിച്ചതാണെന്നും ഹർജിയിൽ പറയുന്നു. പരാതിയിൽ തീർപ്പുണ്ടാകും വരെ നിയമം നടപ്പാക്കരുതെന്നും ഗെയിംമിഗ് ഫെഡറേഷൻ

ചെന്നൈ: തമിഴ‍്‍നാട് സർക്കാർ പാസാക്കിയ ചൂതാട്ട നിരോധന നിയമത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഓൺലൈൻ ഗെയിം കമ്പനികളുടെ സംഘടനയായ ഓൾ ഇന്ത്യ ഗെയിമിംഗ് ഫെഡറേഷനാണ് ഹർജി നൽകിയത്. പുതുക്കിയ നിയമപ്രകാരം സർക്കാർ നിരോധിച്ച റമ്മിയും പോക്കറും അടക്കമുള്ള ഗെയിമുകൾ ഭാഗ്യപരീക്ഷണങ്ങളല്ല, കഴിവും ബുദ്ധിയും ഉപയോഗിച്ച് കളിക്കേണ്ടവയാണ് എന്നാണ് ഹർജിക്കാരുടെ വാദം. ഇക്കാര്യം ലോ കമ്മീഷന്‍ റിപ്പോർട്ട് അംഗീകരിച്ചതാണെന്നും ഹർജിയിൽ പറയുന്നു. പരാതിയിൽ തീർപ്പുണ്ടാകും വരെ നിയമം നടപ്പാക്കരുതെന്നും ഗെയിംമിഗ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഹർജി ഈ മാസം 16ന് പരിഗണിക്കുമെന്ന് മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി.രാജയും ജസ്റ്റിസ് ഭാരത ചക്രവർത്തിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

തമിഴ്നാട്ടിൽ ഓൺലൈൻ ചൂതാട്ട നിരോധന നിയമം കഴിഞ്ഞ മാസമാണ് നിലവിൽ വന്നത്. ഇക്കഴിഞ്ഞ 19ന് നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർ ആർ.എൻ.രവി ഒപ്പുവച്ചതോടെയാണ് നിയമം പ്രാബല്യത്തിലായത്. സെപ്റ്റംബർ 26ന് മന്ത്രിസഭ പാസാക്കിയ ഓൺലൈൻ ചൂതാട്ട നിരോധന ഓർഡിനൻസിന് പകരമാണ് പുതിയ നിയമം. ഇതോടെ ചൂതാട്ട സ്വഭാവമുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും തമിഴ്നാട്ടിൽ നിയമവിരുദ്ധമായി. ഓൺലൈൻ റമ്മിയടക്കം ചൂതാട്ടങ്ങളുടെ എല്ലാതരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാകും. ചൂതാട്ടം നടത്തുന്നവർക്കും കളിക്കുന്നവർക്കും മൂന്ന് വർഷം വരെ തടവുശിക്ഷ നിയമം നിഷ്കർഷിക്കുന്നുണ്ട്. 

ഓൺലൈൻ ചൂതാട്ട നിരോധന നിയമം പ്രാബല്യത്തിലാക്കി തമിഴ്നാട്; നടത്തുന്നവർക്കും കളിക്കുന്നവർക്കും 3 വർഷം വരെ തടവ്

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പേയ്മെന്റ് ഗേറ്റ‍്‍‍വേകളും ഓൺലൈൻ ചൂതാട്ട, ഗെയിമിംഗ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും പണം കൈമാറരുത്. ഓൺലൈൻ റമ്മിയടക്കം ചൂതാട്ടങ്ങൾക്ക് അടിമകളായി ചെറുപ്പക്കാരും വിദ്യാർത്ഥികളുമടക്കം ഇരുപതിലേറെപ്പേർ തമിഴ്നാട്ടിൽ ജീവനൊടുക്കിയ സാഹചര്യത്തിലാണ് സർക്കാർ നിയമനിർമാണത്തെപ്പറ്റി ആലോചിച്ചത്. തമിഴ്നാട് സർക്കാർ പാസാക്കിയ ഒരുപിടി ബില്ലുകളിന്മേൽ ഒപ്പിടാതെ ഗവർണർ ആർ.എൻ.രവി  മാസങ്ങളായി തീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനിടെ ആണ് ഈ ബില്ലിൽ ഒപ്പുവച്ചത് എന്നതും ശ്രദ്ധേയമാണ്.

click me!