'ഇ-പാസ് ഏർപ്പെടുത്തിയ ശേഷം സഞ്ചാരികളുടെ വരവ് കുറഞ്ഞു': കൊടൈക്കനാലിലെ വ്യാപാരികൾ

Published : May 19, 2024, 03:25 PM ISTUpdated : May 19, 2024, 03:30 PM IST
'ഇ-പാസ് ഏർപ്പെടുത്തിയ ശേഷം സഞ്ചാരികളുടെ വരവ് കുറഞ്ഞു': കൊടൈക്കനാലിലെ വ്യാപാരികൾ

Synopsis

സാധാരണയായി സീസണിൽ നിറഞ്ഞുകവിയാറുള്ള  പാർക്കും തടാകവും ഇപ്പോൾ വിജനമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

കൊടൈക്കനാൽ: ഇ പാസ് സംവിധാനം നിലവിൽ വന്ന ശേഷം കൊടൈക്കനാലിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറഞ്ഞതായി പരാതി. ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവർ പ്രതിസന്ധിയിലായെന്നാണ് വ്യാപാരികളുടെ പരാതി. സാധാരണയായി സീസണിൽ നിറഞ്ഞുകവിയാറുള്ള  പാർക്കും തടാകവും ഇപ്പോൾ വിജനമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

ഈ വർഷം ഏപ്രിലിൽ 73,000 വിനോദസഞ്ചാരികളും മെയ് മാസത്തിൽ ഇതുവരെ 27,000 സഞ്ചാരികളും കൊടൈക്കനാലിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ 72,000 പേരും മെയിൽ 1.85 ലക്ഷം വിനോദസഞ്ചാരികളുമാണ് കൊടൈക്കനാലിൽ എത്തിയത്. ഊട്ടി, കൊടൈക്കനാൽ യാത്രയിൽ വാഹനങ്ങൾക്ക് ഇ പാസ് ഏർപ്പെടുത്തിയത് മെയ് 7നാണ്. ജൂൺ 30 വരെ ഇത് തുടരും. മദ്രാസ് ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ജില്ലാ ഭരണകൂടങ്ങള്‍ ഇ പാസ് ഏർപ്പെടുത്തിയത്. 

ചെക്‌പോസ്റ്റുകളിൽ ഇ-പാസ് പരിശോധിച്ച ശേഷമേ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. ഇ-പാസില്ലാതെ എത്തുന്നവർക്കായി കൊടൈക്കനാലിൽ വെള്ളി അരുവിക്ക് സമീപം ചെക്ക് പോസ്റ്റ് സജ്ജീകരിച്ചിട്ടുണ്ട്. ഇ-പാസ് ലഭിക്കാൻ എളുപ്പമാണ്. പാസ് വേണ്ടവർക്ക് https://epass.tnega.org എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. ഫോൺ നമ്പർ, ഇ-മെയിൽ, വിലാസം, വാഹന വിശദാംശങ്ങൾ, സന്ദർശിക്കുന്ന തിയ്യതി എന്നിവ നൽകിയാൽ , പാസ് ലഭിക്കും. സര്‍ക്കാര്‍ ബസുകളിലും ട്രെയിനിലും വരുന്നവര്‍ക്ക് നിബന്ധനകള്‍ ബാധകമല്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയതിനാൽ നിയന്ത്രണം വേണമെന്ന് മദ്രാസ് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നീലഗിരി, ദിണ്ടിഗൽ ജില്ലാ കലക്ടർമാരോടാണ് ആവശ്യപ്പെട്ടത്. അതേസമയം ഒരു ദിവസം എത്ര പേര്‍ക്ക് പ്രവേശനം നല്‍കാമെന്ന് കോടതി നിർദേശിച്ചിട്ടില്ല. നിലവിൽ എല്ലാ വാഹനങ്ങള്‍ക്കും പ്രവേശനം അനുവദിക്കുന്നുണ്ട്.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു വാഹന നിയന്ത്രണം സംബന്ധിച്ച് കോടതി നിര്‍ദേശം. നീലഗിരിയിലേക്കുള്ള റോഡുകളിൽ പ്രതിദിനം ശരാശരി 2,000 വാഹനങ്ങളാണ് ഓടുന്നത്. എന്നാൽ ടൂറിസ്റ്റ് സീസണുകളിൽ വാഹനങ്ങളുടെ എണ്ണം പ്രതിദിനം 20,000 വരെ ആയി വർദ്ധിക്കുന്നു. അഭിഭാഷകരായ ചെവനൻ മോഹനും രാഹുൽ ബാലാജിയുമാണ്, ഒരേ സമയം ഉള്‍ക്കൊള്ളാൻ കഴിയുന്നതിലും അധികം വാഹനങ്ങളും വിനോദസഞ്ചാരികളും വരുമ്പോഴുണ്ടാകുന്ന പരിസ്ഥിതി നാശത്തെ കുറിച്ച് കോടതിയെ അറിയിച്ചത്.  ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. 

36 മണിക്കൂറിൽ കാലവർഷമെത്തും, ആദ്യമെത്തുക തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും നിക്കോബർ ദ്വീപിലും, കേരളത്തിൽ 31ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ
ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി