
ദില്ലി: ദില്ലി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള നീക്കത്തിനെതിരെ വീണ്ടും ഇ ശ്രീധരന്‍. പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെ ദില്ലി സര്‍ക്കാരിനും ശ്രീധരന്‍ കത്തയച്ചു. തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ട് തട്ടാനുള്ള തന്ത്രമാണെന്നും ഇത് ദില്ലി മെട്രോയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ഈ ശ്രീധരന്‍ കത്തില്‍ പറയുന്നു.
ആം ആദ്മി പാര്‍ട്ടിയുടെ വനിതാ ശാക്തീകരണം എന്ന പ്രഖ്യാപനത്തിന്‍റെ ഭാഗമായാണ് കെജ്‍രിവാള്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചത്. മെട്രോയിലും ബസുകളിലും സൗജന്യമായി യാത്ര ചെയ്യാമെന്ന പ്രഖ്യാപനത്തില്‍ ജനങ്ങളുടെ വലിയ പിന്തുണ കിട്ടുന്നതിനിടെയാണ് മെട്രോമാന്‍റെ ഇടപെടല്‍.
സൗജന്യ യാത്ര നടപ്പാക്കാനുള്ള ദില്ലി സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ ദില്ലി മെട്രോയുടെ ശില്‍പിയും ഇപ്പോഴത്തെ ഉപദേഷ്ടാവുമായ ഇ ശ്രീധരന്‍ പ്രധാനമന്ത്രിക്ക് നേരത്തെ കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യ യാത്ര നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ ശ്രീധരന്‍ ദില്ലി സര്‍ക്കാരിനും കത്ത് നല്‍കിയത്.
"തെരഞ്ഞെടുപ്പില്‍ സ്തീകളുടെ വോട്ട് തട്ടാനുള്ള നീക്കം മെട്രോയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും. എല്ലാ സര്‍ക്കാരുകള്‍ക്കും ഇത് പിന്തുടരാനാവില്ല. രാവിലെയും വൈകീട്ടും ഇപ്പോള്‍ തന്നെ മെട്രോ തിങ്ങി നിറഞ്ഞാണ് ഓടുന്നത്. സൗജന്യ യാത്ര കൂടിയായാല്‍ സ്ത്രീകള്‍ കൂട്ടത്തോടെ കയറി വലിയ ദുരന്തത്തിലേക്ക് കാര്യങ്ങള്‍ എത്തിയേക്കും. ദില്ലി സര്‍ക്കാരിന് പണമുണ്ടെങ്കില്‍ എന്തുകൊണ്ട് മെട്രോയുടെ നവീകരണത്തിനായി ഈ തുക ചെലവഴിക്കുന്നില്ല" ശ്രീധരന്‍ ദില്ലി സര്‍ക്കാരിനെഴുതിയ കത്തില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam