കേന്ദ്രത്തിന്റെ ഇ20 പെട്രോൾ നയത്തിനെതിരേ ഡൽഹിയിൽ ഇന്ന് പ്രതിഷേധം; തടയാൻ ശ്രമിച്ചാൽ ​ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കുമെന്ന് പൂനാവാല

Published : Jul 05, 2026, 07:56 AM IST
e20 petrol protest tehseen poonawalla

Synopsis

ഞായറാഴ്ചത്തെ പ്രതിഷേധത്തിന് ഡൽഹി പൊലീസ് വാക്കാൽ അനുമതി നൽകിയിട്ടുണ്ടെങ്കിലും പ്രതിഷേധക്കാരുടെ എണ്ണം 200 ആയി നിജപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് തെഹ്സീൻ പൂനാവാല പറഞ്ഞു. 

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഇ 20 പെട്രോൾ(20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) നയത്തിനെതിരെ ഡൽഹിയിൽ ഇന്ന് പ്രതിഷേധം. സംരംഭകനും ടിവി താരവുമായയ തെഹ്സീൻ പൂനാവാലയുടെ നേതൃത്വത്തിൽ 'എഥനോൾ തട്ടിപ്പിനെതിരേ ടീം ഭാരത്' എന്നപേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ജന്തർമന്തറിലാണ് പ്രതിഷേധ പരിപാടി.

അതേസമയം, ഞായറാഴ്ചത്തെ പ്രതിഷേധത്തിന് ഡൽഹി പൊലീസ് വാക്കാൽ അനുമതി നൽകിയിട്ടുണ്ടെങ്കിലും പ്രതിഷേധക്കാരുടെ എണ്ണം 200 ആയി നിജപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് തെഹ്സീൻ പൂനാവാല പറഞ്ഞു. പൊലീസിന്റെ ഭാ​ഗത്തുനിന്ന് എന്തൊക്കെ നിയന്ത്രണങ്ങളുണ്ടായാലും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും കഴിഞ്ഞദിവസം എഥനോൾ പെട്രോളിനെ അനുകൂലിച്ച് വാർത്താസമ്മേളനം നടത്തിയവർക്ക് ഇന്ന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം നടപ്പാക്കുന്ന എഥനോൾ പെട്രോൾ നയത്തെ തങ്ങൾ അടച്ചാക്ഷേപിക്കുന്നില്ലെന്നാണ് തെഹ്സീൻ പൂനാവലയും ടീം ഭാരതും പറയുന്നത്. എന്നാൽ, കേന്ദ്രം തിരക്കിട്ട് ഈ നയം നടപ്പാക്കുന്ന രീതിക്കെതിരേയും വാഹനമുടമകൾക്ക് മറ്റൊരു മാർ​​ഗവും ഇല്ലാതാക്കുന്നതിന് എതിരേയുമാണ് തങ്ങളുടെ പ്രതിഷേധമെന്നും ഇവർ പറയുന്നു. ഞായറാഴ്ച ഡൽഹി പൊലീസ് പ്രതിഷേധം തടയാൻ ശ്രമിച്ചാൽ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കുമെന്നും ​തെഹ്സീൻ പൂനാവാല പറഞ്ഞു.

അതേസമയം, ഇ 20 പെട്രോളിനെ ന്യായീകരിച്ചും ഇതുസംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളിയും ഓട്ടോമൊബൈൽ രം​ഗത്തെയും ഊർജരം​ഗത്തെയും വിദ​ഗ്ധർ കഴിഞ്ഞദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു. ഇ 20 പെട്രോളിന് പിന്നിൽ വർഷങ്ങളോളം നീണ്ട ശാസ്ത്രീയ പരീക്ഷണങ്ങളുണ്ടെന്നും ഈ ഘട്ടങ്ങളിലൊന്നും വാഹനങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു വിദ​ഗ്ധരുടെ അഭിപ്രായം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുൻ ചെയർമാൻ ബി അശോക്, എൻജിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് മുൻ മാനേജിങ് ഡയറക്ടർ വർതിക ശുക്ല, മാരുതി സുസുക്കി, ടൊയോട്ട, ഹ്യൂണ്ടായി, ടിവിഎസ്, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ തുടങ്ങിയ വാഹന നിർമാണ കമ്പനികളുടെ മുതിർന്ന പ്രതിനിധികൾ തുടങ്ങിയവരാണ് കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിജെപിയിൽ വൻ അഴിച്ചുപണി ഉടൻ, കെ സുരേന്ദ്രനും അനൂപ് ആന്‍റണിക്കും ദേശീയ നേതൃ നിരയിലേക്ക് സാധ്യത; അബ്ദുള്ള കുട്ടിയും അനിൽ ആന്‍റണിയും മാറിയേക്കും
ഇതിലും വലിയ പ്രഹരമുണ്ടോ? സംസ്ഥാന അധ്യക്ഷ തന്നെ പാർട്ടി വിട്ടു, തിരിച്ചടികളുടെ ചക്യവ്യൂഹത്തിൽ കുടുങ്ങി മമത; പാർട്ടി ഓഫീസ് പോരാട്ടം കോടതിയിലേക്ക്