2024 മുതൽ രാജസ്ഥാനിൽ സജീവമായ ലഹരിമാഫിയ പഞ്ചാബിന് ബദലായി പുതിയ ശൃംഖല സ്ഥാപിക്കുകയാണെന്നാണ് വിലയിരുത്തൽ.

ഡൽഹി: പഞ്ചാബിലെ ലഹരിക്കടത്ത് ശൃംഖലയ്ക്കെതിരെ സുരക്ഷാ ഏജൻസികൾ നടപടി ശക്തമാക്കിയതോടെ പുതിയ താവളം തേടി പാകിസ്താൻ ലഹരി മാഫിയ. രാജസ്ഥാനെ ബദൽ ലഹരിക്കടത്ത് കേന്ദ്രമാക്കാൻ സംഘങ്ങൾ നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. രാജസ്ഥാനിൽ പ്രവർത്തിക്കുന്ന 28 പാകിസ്താൻ ഹാൻഡ്‌ലർമാരെ പൊലീസ് തിരിച്ചറിഞ്ഞു. അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കുന്ന പഞ്ചാബിൽ സുരക്ഷ ശക്തമാക്കിയതോടെയാണ് രാജസ്ഥാനിലേക്ക് കടത്തുസംഘങ്ങൾ ശ്രദ്ധ തിരിക്കുന്നത്. 2024 മുതൽ രാജസ്ഥാനിൽ സജീവമായ ലഹരിമാഫിയ പഞ്ചാബിന് ബദലായി പുതിയ ശൃംഖല സ്ഥാപിക്കുകയാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 305 ഡ്രോൺ അധിഷ്ഠിത ലഹരിക്കടത്ത് കേസുകളിൽ 298 എണ്ണവും പഞ്ചാബിലാണ്.

ശ്രീഗംഗാനഗർ, ബിക്കാനീർ മേഖലകളിൽ പിടിയിലായവർക്കും പഞ്ചാബിലെ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നിരീക്ഷണം കുറഞ്ഞ കൃഷിയിടങ്ങളിൽ ലഹരിവസ്തുക്കൾ നിക്ഷേപിച്ച് പിന്നീട് റോഡ് മാർഗം കടത്തുന്നതാണ് രീതി. ലഹരിവസ്തുക്കൾ, ആയുധങ്ങൾ എന്നിവ നിക്ഷേപിക്കുന്ന കൃഷിയിടങ്ങൾ കണ്ടെത്താൻ രാജസ്ഥാൻ പൊലീസും കേന്ദ്ര ഏജൻസികളും പരിശോധന ശക്തമാക്കി. കടത്തിന് ഒത്താശ ചെയ്യുന്ന ഭൂവുടമകൾക്കെതിരെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികളും പരിഗണനയിലാണ്. പഞ്ചാബിൽ സുരക്ഷ ശക്തമാകുമ്പോൾ രാജസ്ഥാനിലേക്ക് പ്രവർത്തനം മാറ്റാനുള്ള പാക് ലഹരിക്കടത്ത് സംഘങ്ങളുടെ നീക്കമാണ് അന്വേഷണ ഏജൻസികൾക്ക് പുതിയ വെല്ലുവിളിയാകുന്നത്.പാക് ലഹരിശൃംഖലയെ വേരോടെ പിഴുതെറിയാനുള്ള നിർണായക പോരാട്ടത്തിലാണ് സുരക്ഷാ ഏജൻസികൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം