
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് 2024ലെ പോളിംഗ് ശതമാനം പ്രസിദ്ധീകരിക്കുന്നത് വൈകിയതിനെ വിമര്‍ശിച്ച് രാജ്യത്തെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. എസ്.വൈ ഖുറൈഷി. വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ വോട്ടിംഗ് ശതമാനം പ്രസിദ്ധീകരിക്കുന്നതായിരുന്നു മുന്‍ രീതിയെന്നും അദേഹം പറഞ്ഞതായി ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്തെ പതിനേഴാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു എസ്.വൈ ഖുറൈഷി.
ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങളിലെ വോട്ടിംഗ് ശതമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിക്കാന്‍ വൈകിയതിനെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. പോളിംഗ് ശതമാനം പ്രസിദ്ധീകരിക്കുന്നത് വൈകുന്നതിനെ ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല എന്നാണ് മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഡോ. എസ്.വൈ ഖുറൈഷിയുടെ പക്ഷം. വോട്ടെടുപ്പ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ പോളിംഗ് ശതമാനം പ്രഖ്യാപിക്കേണ്ടതായിരുന്നു. അതായിരുന്നു 2014 വരെയുള്ള രീതി. 2019 മുതലാണ് ഇതില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. എത്ര പേര്‍ വോട്ട് ചെയ്‌തു എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കാത്തത് അംഗീകരിക്കാനാവില്ല. തെരഞ്ഞെടുപ്പിന്‍റെ സുതാര്യത ഉറപ്പുവരുത്താന്‍ കണക്കുകള്‍ കൃത്യമായി പൊതുജനങ്ങളെ അറിയിക്കേണ്ടതുണ്ട്- ഖുറൈഷി പറഞ്ഞു.
2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാല് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടന്ന വിവിധ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം പ്രസിദ്ധീകരിച്ച ശേഷം പൊരുത്തക്കേടുകളെ തുടർന്ന് ഇലക്ഷന്‍ കമ്മീഷന്‍റെ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
ഇത്തവണ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങളിലെ വോട്ടെടുപ്പാണ് പൂര്‍ത്തിയായത്. ഏപ്രില്‍ 19നും 26നും നടന്ന വോട്ടെടുപ്പുകളുടെ പോളിംഗ് ശതമാനം ഏറെ വൈകി ഏപ്രില്‍ 30-ാം തിയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 66.14 ശതമാനവും രണ്ടാം ഘട്ടത്തില്‍ 66.71 ശതമാനമാണ് ആകെ പോളിംഗ് രേഖപ്പെടുത്തിയത് എന്നാണ് കണക്കുകള്‍. രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന കേരളത്തില്‍ 71.27 ശതമാനമാണ് ആകെ പോളിംഗ്. അന്തിമ കണക്ക് പ്രസിദ്ധീകരിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായത്.
Read more: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും: രാജ്‌നാഥ് സിംഗ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam