
ചെന്നൈ: ടിവികെയെ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചു. തമിഴ്നാട്ടിലും പുതുച്ചേരിയിലും ടിവികെയ്ക്ക് അംഗീകാരം ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പ് നൽകി. വിസിൽ ചിഹ്നവും അനുവദിച്ചു. പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ് വോട്ടർമാർക്ക് നന്ദി പറഞ്ഞു. മുൻപ് സംഭവിച്ചിട്ടില്ലാത്ത അത്ഭുതം എന്നാണ് വിജയ്‍യുടെ പ്രതികരണം. 27 മാസത്തിനുള്ളിൽ ചരിത്ര മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞെന്നും അഴിമതിരഹിത ഭരണം തുടരുമെന്നും വിജയ് പറഞ്ഞു.
ആകെ പോൾ ചെയ്ത വോട്ടിന്റെ 35 ശതമാനം നൽകി നിങ്ങൾ ടിവികെയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പദവിയിലേക്ക് ഉയർത്തിയിരിക്കുന്നു എന്ന് വിജയ് കുറിച്ചു. ജനവിധിയെ മാനിച്ചുകൊണ്ട് അഴിമതിരഹിതവും സുതാര്യവുമായ ഭരണമെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി ഔദ്യോഗികമായി രൂപീകരിച്ച് 27 മാസത്തിനുള്ളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് 35 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കാൻ ടിവികെയ്ക്ക് കഴിഞ്ഞത്.
സംസ്ഥാനത്തുടനീളം സുസ്ഥിരമായ ജനസേവനത്തിലൂടെയും ക്ഷേമപദ്ധതികളിലൂടെയും വോട്ടർമാർ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറയുമെന്ന് വിജയ് ഉറപ്പുനൽകി. മതേതര, സാമൂഹിക നീതിക്കായാണ് സർക്കാർ പ്രവർത്തിക്കുക. സഖ്യത്തിന്‍റെ ആശയാടിത്തറ ഊന്നിപ്പറഞ്ഞ അദ്ദേഹം, ടിവികെയുടെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പൂർണ പിന്തുണ നൽകിയ തമിഴ് ജനതയ്ക്കും പാർട്ടി പ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam