
ഇംഫാൽ: മണിപ്പൂരിലെ വംശീയ കലാപം മൂന്ന് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമായി മാറിയതോടെ സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനങ്ങളുടെയും വിതരണം പൂർണ്ണമായും തടസ്സപ്പെട്ടു. സാമ്പത്തിക ഉപരോധത്തെ തുടർന്ന് കുക്കി-സോ വിഭാഗത്തിന് ഭൂരിപക്ഷമുള്ള കാംഗ്പോക്‌പി ജില്ലയാണ് ഇപ്പോൾ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. മെയ് 13-ന് ശേഷം ഇവിടേക്ക് ചരക്കുകൾ എത്തിയിട്ടില്ല. ജില്ലയിലെ മൊത്തവ്യാപാര വിപണികളിൽ പഞ്ചസാര, ഉപ്പ്, ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയ അവശ്യവസ്തുക്കളുടെ സ്റ്റോക്ക് പൂർണ്ണമായും തീർന്നു. കരിഞ്ചന്തയിൽ കുപ്പിയിൽ ലഭിക്കുന്ന പെട്രോളിന് ലിറ്ററിന് 300 രൂപയും, എൽ.പി.ജി സിലിണ്ടറിന് 4,000 രൂപ വരെയുമാണ് ഈടാക്കുന്നത്. ജനങ്ങൾ പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് തടയാൻ വ്യാപാരികൾ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും കടകളെല്ലാം ശൂന്യമായി.
കുക്കി-സോ, മൈതേയ് വിഭാഗങ്ങൾ തമ്മിൽ 2023-ൽ ആരംഭിച്ച കലാപം ഇപ്പോൾ കുക്കി-സോ, നാഗാ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിലേക്ക് വഴിമാറി. നാഗാ വിഭാഗത്തിന് ഭൂരിപക്ഷമുള്ള സേനാപതി ജില്ലയിലൂടെയോ മൈതേയ് വിഭാഗത്തിന് ഭൂരിപക്ഷമുള്ള ഇംഫാലിലൂടെയോ മാത്രമേ കാംഗ്പോക്‌പിയിലേക്ക് ചരക്കുകൾ എത്തിക്കാൻ സാധിക്കൂ. മെയ് 13-ന് കാംഗ്പോക്പിയിൽ മൂന്ന് കുക്കി-സോ ചർച്ച് ഭാരവാഹികൾ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് പുതിയ ഉപരോധങ്ങൾക്ക് കാരണം. ഇതിന് പിന്നാലെ ആറ് നാഗാ വംശജർ കൊല്ലപ്പെട്ടതോടെ യുണൈറ്റഡ് നാഗാ കൗൺസിൽ കുക്കി-സോ വിഭാഗങ്ങൾക്കെതിരെ കടുത്ത 'സാമ്പത്തിക ഉപരോധം' പ്രഖ്യാപിക്കുകയായിരുന്നു.
ജില്ലയിലെ ആരോഗ്യ സംവിധാനങ്ങളെയും ഇപ്പോഴത്തെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. കാംഗ്പോക്‌പിയിലെ ജില്ലാ ആശുപത്രിയിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. മുൻപ് ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഇംഫാലിലേക്കോ കൊഹിമയിലേക്കോ റോഡ് മാർഗ്ഗം കൊണ്ടുപോകാമായിരുന്നു. എന്നാൽ ഇപ്പോൾ നാഗാ, മൈതേയ് പ്രദേശങ്ങളിലൂടെ കടന്നുപോകാൻ സാധിക്കാത്തതിനാൽ, സൈനിക വ്യൂഹത്തിന്റെ അകമ്പടിയോടെ രണ്ട് മൂന്ന് ദിവസത്തിൽ ഒരിക്കൽ മാത്രമാണ് രോഗികളെ ഇംഫാലിലെ ആശുപത്രികളിൽ എത്തിക്കാൻ സാധിക്കുന്നത്. എം.എൽ.എമാരുടെയും സുരക്ഷാ സേനയുടെയും സഹായത്തോടെ കഴിഞ്ഞ ദിവസം കുറച്ച് അരിയും എൽ.പി.ജി സിലിണ്ടറുകളും ജില്ലയിൽ എത്തിച്ചിട്ടുണ്ടെങ്കിലും ഇത് ക്ഷാമം പരിഹരിക്കാൻ ഒട്ടും പര്യാപ്തമല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. നാഗാ ഭൂരിപക്ഷ പ്രദേശമായ ഉഖ്‌രുലിലും കുക്കി-സോ മേഖലകളിലെ ഉപരോധം ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്.
🚚 It is reported that LPG cylinders and petrol are being transported to Kangpokpi under the escort of the Assam Rifles to facilitate the movement of essential supplies amid the prevailing situation.#Manipur #Kangpokpi #AssamRifles #EssentialSupplies #LPG #Petrol #PaomiToday pic.twitter.com/6xTMt6RtNp
— Paomi Today - Manipur (@PaomiToday) June 26, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam