ചോദ്യം ചെയ്യലിന് ഹാജരാകണം; പ്രഫുൽ പട്ടേലിന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ്

By Web TeamFirst Published Oct 15, 2019, 5:43 PM IST
Highlights

ഇക്ബാൽ മേമനിൽ നിന്ന് ഭൂമി വാങ്ങിയതിന് പിന്നിൽ വലിയ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രഫുൽ പട്ടേൽ.

ദില്ലി: എൻസിപി നേതാവും എഐഎഫ്എഫ് പ്രസിഡന്റുമായ പ്രഫുൽ പട്ടേൽ ചോദ്യംചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നോട്ടീസ്. ദാവൂദ് ഇബ്രാഹിമുമായി അടുപ്പമുള്ള വ്യവസായി ഇക്ബാൽ മേമനുമായി നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ‍‍ഡി നോട്ടീസ് അയച്ചത്. ഈ മാസം 18ന് ഹാജരാകാനാണ് നോട്ടീസ്. ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഇന്നലെ പ്രഫുൽ പട്ടേലിന് നോട്ടീസ് അയച്ചിരുന്നു.

ഇക്ബാൽ മേമനിൽ നിന്ന് വാങ്ങിയ ഭൂമി വാങ്ങിയതിന് പിന്നിൽ വലിയ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്ന മേമന്റെ ഭാര്യയുടെ ‌ഹസ്ര ഇഖ്ബാലിന്റെ പേരിലുള്ള ഭൂമി ,പട്ടേലിനും ഭാര്യ വർഷക്കും പങ്കാളിത്തം ഉള്ള മില്ലേനിയം ‍ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് മാറ്റിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ കണ്ടെത്തൽ. ഈ കൈമാറ്റം അനധികൃതമാണെന്ന് ഇ‍ഡി ആരോപിക്കുന്നു. പ്രഫുൽ പട്ടേൽ കേന്ദ്രമന്ത്രിയായിരുന്ന 2007 കാലഘട്ടത്തിലാണ് ഇക്ബാൽ മേമന്റെ ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ ഇടപാട് നടന്നത്.

എന്നാൽ ആരോപണങ്ങളെല്ലാം പ്രഫുൽ പട്ടേൽ നിഷേധിച്ചു. ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രഫുൽ പട്ടേൽ. മഹാരാഷ്ട്രയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എൻസിപി നേതാവിനെതിരെ ആരോപണവും അതിൽ അന്വേഷണവും ഉണ്ടാകുന്നത്. ഒക്ടോബർ ഇരുപത്തിയൊന്നിനാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ്.

click me!