
ദില്ലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യ വിട്ട് ലണ്ടനില്‍ സ്ഥിര താമസമാക്കുകയുമാണെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നു. കുടുംബ സമേതം അദ്ദേഹം ലണ്ടനില്‍ സ്ഥിര താമസമാക്കുകയെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ശ്രീവാസ്തവ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നാണ് വാര്‍ത്തയുടെ പ്രചാരണത്തിന്‍റെ തുടക്കം.
രാഹുല്‍ ഗാന്ധി സംസാരിക്കുന്ന 11 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് ലക്ഷത്തിലേറെ ആളുകള്‍ കാണുകയും 10000ത്തിലേറെ പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ബിജെപി മഹിളാ മോര്‍ച്ച സോഷ്യല്‍മീഡിയ ദേശീയ ചുമതലുള്ള പ്രീതി ഗാന്ധിയടക്കമുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്തു.
എന്നാല്‍, വ്യാജമായ വാര്‍ത്തയാണ് ഇവര്‍ പ്രചരിപ്പിച്ചത്. സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയില്‍നിന്ന് മുങ്ങിയ മെഹുല്‍ ചോക്സി, നീരവ് മോദി എന്നിവരെക്കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞ കാര്യമാണ് ഇവര്‍ വളച്ചൊടിച്ച് രാഹുല്‍ ഗാന്ധി ഇന്ത്യ വിട്ട് ലണ്ടനില്‍ സ്ഥിരമാക്കുന്ന കാര്യമാക്കി മാറ്റിയത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഈ മാസം 13ന് നടത്തിയ പ്രസംഗത്തിലെ ചെറിയ ഭാഗം ഉപയോഗിച്ചാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്.
''യാതൊരു പേടിയുമില്ലാതെയാണ് മെഹുല്‍ ചോക്സിയും നീരവ് മോദിയും ഉറങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്താണെങ്കില്‍ എനിക്ക് ലണ്ടനില്‍ പോകാം, മക്കളെ അമേരിക്കയിലെ സ്കൂളുകളില്‍ പറഞ്ഞയക്കാം. ധാരാളം പണമുണ്ടെങ്കില്‍ ഏത് സമയവും എവിടെയും പോകാം''-എന്നായിരുന്നു രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞത്. ഇതിലെ ചില വരികള്‍ അടര്‍ത്തിയെടുത്താണ് പ്രചാരണം നടത്തിയത്. 15 മിനിറ്റിലേറെ നീളുന്ന പ്രസംഗത്തിലെ വരികളാണ് വളച്ചൊടിച്ച് പ്രചരിപ്പിച്ചത്.
രാഹുല്‍ ഗാന്ധിക്കെതിരെ പ്രചരിക്കുന്ന വീഡിയോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam