ദില്ലി മദ്യനയക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെസിആറിൻ്റെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

Published : Mar 08, 2023, 10:29 AM IST
ദില്ലി മദ്യനയക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെസിആറിൻ്റെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

Synopsis

കവിതയുമായി അടുപ്പമുള്ള മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു

ദില്ലി: മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നാളെ ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് കാണിച്ചാണ് കവിതയ്ക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയ്ക്കൊപ്പം ഇരുത്തി കവിതയെ ചോദ്യം ചെയ്യും എന്നാണ് സൂചന. കവിത നാളെ ഇഡി ഓഫീസിൽ ഹാജരാകുമെന്നാണ് ബിആ‍ർഎസ് വൃത്തങ്ങൾ നൽകുന്ന സൂചന. മറ്റന്നാൾ കവിത ജന്തർ മന്തറിൽ നിരാഹാരസമരം നടത്താനും പദ്ധതിയിടുന്നുണ്ട്. 

തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുമായി അടുപ്പമുള്ള വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളയെ മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഹൈദരാബാദ് കേന്ദ്രീകരിച്ച്  പ്രവർത്തിക്കുന്ന അരുൺ രാമചന്ദ്രൻ പിള്ളയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകീട്ട് ദില്ലി റോസ് അവന്യൂ കോടതിയിൽ അരുണിനെ ഹാജരാക്കി.  ഈ മാസം13 വരെ അരുണിനെ കോടതി ഇഡി കസ്റ്റഡിയിൽ വിട്ടു. 

ദില്ലി മദ്യനയം രൂപപ്പെടുത്താനായി ഇടപെട്ട മദ്യവ്യവസായികളുൾപ്പെട്ട സൗത്ത് ഗ്രൂപ്പിലെ പ്രധാനിയാണ് അരുൺ. തെലങ്കാനമുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കവിത കാൽവകുന്തളയുമായി അടുത്ത ബന്ധമാണ് അരുണിനുള്ളത്. ദില്ലിയിലെ 9 മദ്യവിതരണ സോണുകൾ ലേലത്തിൽ ലഭിച്ചതിലൂടെ സൌത്ത് ഗ്രൂപ്പിന് കോടികളുടെ വരുമാനം ലഭിച്ചിരുന്നു. ഈ തുകയിലൊരുഭാഗം നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായർ വഴി എഎപി നേതാക്കൾക്കെത്തിച്ചെന്നും ഇത് ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് ഇഡി കണ്ടെത്തൽ. 

മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ പതിനാലാം പ്രതിയാണ് അരുൺ രാമചന്ദ്രൻ പിള്ള. പുതിയ തെളിവുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സിസോദിയയെ തീഹാർ ജെയിലിലെത്തി ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തത്. അതേസമയം തെളിവുകളൊന്നും ലഭിക്കാതെയുളള മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. നേരത്തെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വേട്ടയാടലിനെതിരെ 9 പ്രതിപക്ഷ പാർട്ടി നേതാക്കൾ അയച്ച കത്തിൽ ഇടത് പാർട്ടികളിൽനിന്നാരും ഒപ്പിട്ടിരുന്നില്ല. പിണറായിയുടെ പിന്തുണയ്ക്ക് അരവിന്ദ് കെജ്രിവാൾ നന്ദി അറിയിച്ചു. അതിനിടെ അറസ്ററിലായ മനീഷ് സിസോദിയയുടെയും സത്യേന്ദ്ര ജെയിനിന്റെയും രാജി രാഷ്ട്രപതി അംഗീകരിച്ചു. പുതുതായി സ്ഥാനമേറ്റ അതിഷി മർലേന, സൌരഭ് ഭരദ്വാജ് എന്നിവരുടെ നിയമനവും രാഷ്ട്രപതി അംഗീകരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം