ഇഐഎ വിജ്ഞാപനം കരടിനെതിരെ പ്രതിഷേധം തുടരുന്നു; അഭിപ്രായം അറിയിക്കാനുള്ള അവസാന ദിനം ഇന്ന്

By Web TeamFirst Published Aug 11, 2020, 6:14 AM IST
Highlights

ഇന്ന് വൈകുന്നേരം വരെ കിട്ടുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ചാകും അന്തിമ വിജ്ഞാപനം ഇറക്കുക. മാര്‍ച്ച് 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. 

ദില്ലി: പരിസ്ഥിതി ആഘാത പഠനം 2020 കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള അവസാന ദിനം ഇന്ന്. ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്.

ഇന്ന് വൈകുന്നേരം വരെ കിട്ടുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ചാകും അന്തിമ വിജ്ഞാപനം ഇറക്കുക. മാര്‍ച്ച് 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രിൽ 11നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്. കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ കൂടി പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്ന നിര്‍ദ്ദേശങ്ങൾ മന്ത്രാലയം അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ദില്ലി ഹൈക്കോടതിയുടെ ഉത്തരവും കേന്ദ്രം അവഗണിച്ചു.

ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ കാണാതെയുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി വലിയ അപകടത്തിലേക്കെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. ദില്ലിയിൽ പരിസ്ഥിതി മന്ത്രാലയത്തിന് മുന്നിൽ ഇഐഎ ഭേദഗതിക്കെതിരെ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ബിൽഡേഴ്സ് അസോസിയേഷനും പരിസ്ഥിതി മന്ത്രിക്ക് കത്ത് നൽകി.

Also Read: 'ഇഐഎ വിജ്ഞാപനം കരട് മാത്രമല്ലേ?', എതിർപ്പ് അപക്വമെന്ന് പരിസ്ഥിതി മന്ത്രി, പ്രതിഷേധം

കരട് വിജ്ഞാപനത്തെ കേരളം എതിർക്കും

കേന്ദ്ര പരിസ്ഥിതി ആഘാത നിയമദേഗതിയുടെ കരട് നിർദ്ദേശങ്ങളിൽ കേരളം ഇന്ന് എതിർപ്പ് അറിയിക്കും. വൻ പരിസ്ഥിതി പ്രത്യാഘാതമുണ്ടാക്കുന്ന വിഷയത്തിൽ സംസ്ഥാനം എതിർപ്പ് അറിയിക്കാൻ വൈകിയത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കരട് വിജ്ഞാപനത്തിലെ നിർദ്ദേശങ്ങളിൽ സംസ്ഥാനത്തിന് യോജിക്കാനാകാത്ത കാര്യങ്ങളുണ്ടെന്ന് മുഖ്യമന്തി ഇന്നലെ വ്യക്തമാകിയിരുന്നു. ജില്ലാ തല പരിസ്ഥിതി ആഘാത നിർണയ കമ്മിറ്റികൾ പുനസ്ഥാപിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ സർക്കാർ മുന്നോട്ടുവയ്ക്കും.

എന്താണ് ഇഐഎ 2020? ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റീജ്യണൽ ഹെഡ് പ്രശാന്ത് രഘുവംശം വിശദീകരിക്കുന്നു:

click me!