
മുംബൈ: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരമേറ്റു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫട്‍നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. രാത്രി 7.30 ന് രാജ്ഭവൻ ദർബാർ ഹാളില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ബാൽ താക്കറെയെയും ആനന്ദ്ഡിഗെയെയും സ്മരിച്ച് കൊണ്ടായിരുന്നു ഏകനാഥ് ഷിൻഡേയുടെ സത്യപ്രതിജ്ഞ.
വമ്പന്‍ ട്വിസ്റ്റായിട്ടാണ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയാവുമെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവ് പ്രഖ്യാപിച്ചത്. സർക്കാരിന്‍റെ ഭാഗമാകില്ലെന്നും ഇത് ഏകനാഥ് ഷിൻഡേയുടെ സർക്കാരാണെന്നുമായിരുന്നു ഫഡ്നാവിസിന്‍റെ ആദ്യ പ്രഖ്യാപനം. എന്നാല്‍, ഫഡ്നാവിസിനോട് ഉപമുഖ്യമന്ത്രിയാകണമെന്ന് ബിജെപി ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിന്‍റെ ഭാഗമാകണമെന്ന് ദേശീയ നേതാവ് ജെ പി നദ്ദയാണ് ഫഡ്നാവിസിനോട് ആവശ്യപ്പെട്ടത്.
Also Read: ബ്രൂവറിയിൽ ജോലി ചെയ്ത, ഓട്ടോ ഓടിച്ചിരുന്ന താനെവാല ഇനി 'മഹാ മുഖ്യമന്ത്രി' ? ആരാണ് ഏകനാഥ് ഷിൻഡെ?
ആരാണ് ഏകനാഥ് ഷിൻഡെ?
താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക് നാഥ് ഷിൻഡെ. താനെ മേഖലയിൽ ശിവസേനയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചയാൾ കൂടിയാണ് ഷിൻഡെ. 1980ൽ ശിവസേനയിൽ പ്രവർത്തനം തുടങ്ങിയ ഏകനാഥ് ഷിൻഡേ 2004 മുതൽ തുടർച്ചയായി നാല് തവണ എംഎൽഎയായി. സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിൻഡെ, 2014-ൽ മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്നു. ബിജെപിയുമായി വഴിപിരിഞ്ഞ ശേഷം പ്രതിപക്ഷനേതൃപദവി വിശ്വാസത്തോടെ പാർട്ടി ഏൽപിച്ചതും ഷിൻഡെയെത്തന്നെ. പിന്നീട് എൻസിപി - കോൺഗ്രസ് - സഖ്യം മഹാവികാസ് അഘാഡി സർക്കാർ രൂപീകരിച്ചപ്പോൾ നഗരവികസന, പൊതുമരാമത്ത് വകുപ്പാണ് ഷിൻഡേയ്ക്ക് നൽകിയത്. ഷിൻഡെയുടെ മകൻ ഡോ. ശ്രീകാന്ത് ഷിൻഡെ കല്യാണിൽ നിന്നുള്ള എംപിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam