
മുംബൈ: ചില മനുഷ്യരുടെ കൃത്യസമയത്തുള്ള ഇടപെടൽ മറ്റ് ചിലരുടെ ജീവിതത്തിൽ നിർണായകമാകാറുണ്ട്. അത്തരമൊരു സംഭവത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. റെയിൽവെ സ്റ്റേഷനിൽ ഒറ്റപ്പെട്ടു പോയ 65 വയസ്സുള്ള സ്ത്രീക്ക് തുണയായത് പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ ആയിരുന്നു. ബാന്ദ്ര ടെർമിനൽസിൽ വെച്ചാണ് ഈ സ്ത്രീ കുടുംബത്തിൽ നിന്ന് വേർപെട്ട് പോകുന്നത്. തുടർന്ന് ഇവർ മുംബൈ പൊലീസ് സ്റ്റേഷനിലെത്തി സഹായം അഭ്യർത്ഥിച്ചു. പൊലീസ് ഉത്തർപ്രദേശിലെ അവരുടെ കുടുംബവുമായി ബന്ധപ്പെട്ടു. തുടർന്ന് അവരെത്തി സ്ത്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്രതീക്ഷിതമായി മറ്റൊരു കാര്യം കൂടി സംഭവിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് ക്ഷണിച്ചിട്ടാണ് അവർ പോയത്.
മുംബൈ പോലീസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, സ്ത്രീ ഒരു പോലീസ് സ്റ്റേഷനിൽ ഇരിക്കുന്നതും പോലീസുകാർ അവരോട് സംസാരിക്കുന്നതും കാണാം. കൂപ്പുകൈകളോടെ സ്ത്രീ നന്ദി പ്രകടിപ്പിക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞ് അവളുടെ മകനെന്ന് തോന്നിക്കുന്ന ഒരാൾ അവരെ പോലീസ് സ്റ്റേഷനിൽ നിന്ന് തിരികെ കൊണ്ടുപോകുന്നു. ആ മനുഷ്യൻ പോലീസിനോട് "നന്ദി" എന്ന് പറയുന്നത് കേൾക്കാം.
മുംബൈ പോലീസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്. പൗരൻമാരുടെ വീടുകളിലേക്കും ഹൃദയങ്ങളിലേക്കുമാണ് ഞങ്ങൾ വഴിയൊരുക്കുന്നത്. കുടുംബാംഗങ്ങളിൽ നിന്ന് വേർപെട്ടു പോയ സ്ത്രീയെ അവരുടെ കുടുംബത്തിലെത്തിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ സഹായിച്ചു. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ഈ വീഡിയോ പേജിൽ പങ്കുവെച്ചത്. മൂന്നു ലക്ഷത്തിനടുത്ത് ആളുകളാണ് ഇതുവരെ വീഡിയോ കണ്ടിരിക്കുന്നത്. മുംബൈ പൊലീസിന്റെ സേവന സന്നദ്ധതയെ പ്രശംസിച്ചു കൊണ്ടാണ് എല്ലാവരും പ്രതികരിക്കുന്നത്. എല്ലാ സംസ്ഥാനത്തെയും പൊലീസ് ഉദ്യോഗസ്ഥർ ഈ രീതിയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു.