രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത് മലയാളികൾ ചെയ്ത ദൗര്‍ഭാഗ്യകരമായ കാര്യമെന്ന് രാമചന്ദ്ര ഗുഹ

By Web TeamFirst Published Jan 18, 2020, 7:39 AM IST
Highlights

നരേന്ദ്രമോദിക്ക് രാഹുല്‍ ഗാന്ധിക്ക് മുകളില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. അയാള്‍ സ്വയം ഉണ്ടായ നേതാവാണ്, ഒരു സംസ്ഥാനം 15 കൊല്ലം ഭരിച്ച ഭരണ പരിചയം ഉണ്ട്, അദ്ദേഹം കഠിനമായി ജോലി എടുക്കും

കോഴിക്കോട്: കോൺഗ്രസ് നേതാവും എം.പിയുമായി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ചരിത്രകാരൻ രാമചന്ദ്ര ഗുഹ. രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത് മലയാളികൾ ചെയ്ത ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമാണെന്ന് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് ആവശ്യം നെഹ്റു കുടുംബത്തിലെ ചെറുമകനെയായിരുന്നില്ല. രാഹുൽ ഗാന്ധി എതിരാളിയാകുന്നതോടെ മോദിക്ക് കാര്യങ്ങൾ എളുപ്പമാകുമെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററി ഫെസ്റ്റിവലില്‍  പാട്രിയോട്ടിസം വെര്‍സസ് ജിംഗോയിസം എന്ന വിഷയത്തില്‍  സംസാരിക്കുകയായിരുന്നു രാമചന്ദ്ര ഗുഹ.

സ്വതന്ത്ര്യസമരകാലത്തെ മഹത്തായ പ്രസ്ഥാനം എന്ന നിലയില്‍ നിന്നും കോണ്‍ഗ്രസ് ഒരു കുടുംബ സ്ഥാപനമായതാണ് ഇപ്പോഴത്തെ ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയുടെ കാരണമെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു. രാഹുല്‍ ഗാന്ധിയോട് വ്യക്തിപരമായി തനിക്ക് ഒന്നുമില്ല, അദ്ദേഹം മാന്യനായ മനുഷ്യനാണ്. എന്നാല്‍ ഒരു കുടുംബ പരമ്പരയിലെ അഞ്ചാം തലമുറയെ അല്ല ഇന്ത്യന്‍ യുവത്വത്തിന് ആവശ്യം. 2024 ല്‍ വീണ്ടും രാഹുലിനെ മലയാളികള്‍ തെരഞ്ഞെടുത്താല്‍ വീണ്ടും മോദിക്ക് നല്‍കുന്ന മുന്‍തൂക്കമായിരിക്കും അതെന്ന് ഗുഹ അഭിപ്രായപ്പെട്ടു.

രാജ്യത്തിന് മുന്നില്‍ വളരെ മനോഹരമായ കാര്യങ്ങള്‍ കേരളം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കേരളം ചെയ്ത ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യമാണ് രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചത് എന്നാണ് രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടത്. 

നരേന്ദ്രമോദിക്ക് രാഹുല്‍ ഗാന്ധിക്ക് മുകളില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. അയാള്‍ സ്വയം ഉണ്ടായ നേതാവാണ്, ഒരു സംസ്ഥാനം 15 കൊല്ലം ഭരിച്ച ഭരണ പരിചയം ഉണ്ട്, അദ്ദേഹം കഠിനമായി ജോലി എടുക്കും, യൂറോപ്പിലേക്ക് അവധിക്കാലം ചിലവഴിക്കാന്‍ പോകുന്നില്ല. എല്ലാ ഗൗരവത്തോടും കൂടിയാണ് ഞാന്‍ ഇത് പറയുന്നത്, എന്നാല്‍ രാഹുല്‍ ഗാന്ധി മോദിയെക്കാള്‍ ഇന്‍റലിജന്‍റും, അദ്ധ്വാനശീലമുള്ളയാളും, അവധി എടുക്കാത്തയാളാണെങ്കിലും അയാള്‍ ഒരു കുടുംബത്തിന്‍റെ അഞ്ചാം തലമുറയില്‍പ്പെട്ട വ്യക്തിയാണ്, സ്വയം ഉണ്ടായ ഒരു നേതാവിനെതിരെ ഇത് വലിയ പോരായ്മ തന്നെയാണ്.

സോണിയ ഗാന്ധിയെക്കുറിച്ച് പരാമര്‍ശിച്ച ഗുഹ, മുഗള്‍ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാരെപ്പോലെയാണ് ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നത് എന്ന് സൂചിപ്പിച്ചു. ഇന്ത്യ കൂടുതല്‍ ജനാധിപത്യവത്കരിക്കപ്പെട്ടു, ഫ്യൂഡ‍ല്‍ ആകുകയല്ല. എന്നാല്‍ ഗാന്ധി കുടുംബം ഇത് മനസിലാക്കുന്നില്ല. സോണിയ ദില്ലിയില്‍ ആയിരിക്കുമ്പോള്‍ അവരുടെ സാമ്രജ്യം ചുരുങ്ങി,ചുരുങ്ങി വരുകയാണ്. എന്നാല്‍ അവരുടെ അടുപ്പക്കാര്‍ ഇപ്പോഴും അവരോട് പറഞ്ഞ് കൊണ്ടിരിക്കുന്നത് നിങ്ങള്‍ ചക്രവര്‍ത്തിയാണ് എന്നാണ് ഗുഹ കുറ്റപ്പെടുത്തി.

ഇന്ത്യന്‍ ഇടതുപക്ഷത്തെ പരാമര്‍ശിച്ച ഗുഹ അവര്‍ ഇന്ത്യയെക്കാള്‍ മറ്റ് രാജ്യങ്ങളെ സ്നേഹിക്കുന്നു എന്ന് ഗുഹ വിമര്‍ശിച്ചു. അതേ സമയം ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന ആക്രമോത്സുഹ ദേശീയതയും, അയല്‍രാജ്യങ്ങളില്‍ വളരുന്ന ഇസ്ലാമിക മതമൗലികവാദവും ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു എന്നും ഗുഹ കൂട്ടിച്ചേര്‍ത്തു.

നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാമചന്ദ്ര ഗുഹ രംഗത്തെത്തിയിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ രാമചന്ദ്ര ഗുഹയെ പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഗുഹയെ പോലീസുകാരന്‍ മുഷ്ടി ചുരുട്ടി തല്ലാന്‍ പോകുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. 

click me!