
ദില്ലി: കേരളത്തിൽ എസ്ഐആർ നീട്ടി വയ്ക്കണം എന്ന നിർദ്ദേശത്തിൽ തീരുമാനമാനമെടുക്കാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജ്യവ്യാപക എസ്ഐആറിനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നല്കി. കേരളം അടക്കം ചില സംസ്ഥാനങ്ങൾ മുന്നോട്ടു വച്ച നിർദ്ദേശങ്ങൾ പരിശോധിക്കുകയാണെന്ന് കമ്മീഷൻ ദില്ലിയിൽ നടന്ന മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അറിയിച്ചു.
എതിർപ്പുകൾക്കിടിലും എസ്ഐആറുമായി കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ മുന്നോട്ട്. ബീഹാർ മാതൃകയിലുള്ള എസ്ഐആറിനെ കേരളം നേരത്തെ എതിർത്തിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ വിയോജിപ്പ് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ രത്തൻ ഖേൽക്കർ നരേത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കിയിരുന്നു. നിയമസഭ പ്രമേയവും പാസ്സാക്കി. രണ്ടു ദിവസമായി ദില്ലിയിൽ നടന്ന സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗത്തിൽ എസ്ഐആറിനുള്ള തയ്യാറെടുപ്പ് ചർച്ചയായെന്ന് കമ്മീഷൻ വാർത്താകുറിപ്പിൽ അറിയിച്ചു. എന്നാൽ ഏതെങ്കിലും സംസ്ഥാനത്തെ ഒഴിവാക്കും എന്ന സൂചന വാർത്താകുറിപ്പിലില്ല. എല്ലായിടത്തും തയ്യാറെടുപ്പ് പൂർത്തിയാക്കാനാണ് കമ്മീഷൻ നിർദ്ദേശം നല്കിയത്.
കേരളത്തിൻറെ എതിർപ്പ് കമ്മീഷൻറെ ഉദ്യോസ്ഥ സംഘം പരിശോധിക്കുന്നു എന്ന സൂചനയാണ് യോഗത്തിൽ നല്കിയത്. നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷമാകും ഷെഡ്യൂൾ തയ്യാറാക്കുക എ്ന്നും കമ്മീഷൻ അറിയിച്ചു. എസ്ഐആർ എങ്ങനെ നടത്തണം എന്ന് യോഗത്തിൽ വിശദീകരിച്ചു. ഇതിൽ ഉദ്യോഗസ്ഥർക്കുള്ള സംശയങ്ങൾക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മറുപടി നല്കിയതായും കമ്മീഷൻ വ്യക്തമാക്കി. മുമ്പ് എസ്ഐആർ നടന്നതിനു ശേഷമുള്ള വോട്ടർ പട്ടികയിലുള്ള നിലവിലെ വോട്ടർ പട്ടികയിൽ തുടരുന്ന വോട്ടർമാരെ കണ്ടെത്താൻ നേരത്തെ കമ്മീഷൻ നിർദ്ദേശം നല്കിയിരുന്നു. ഇതടക്കമുള്ള നടപടികളുടെ പുരോഗതി വിലയിരുത്തിയതായും കമ്മീഷൻറെ വാർത്താകുറിപ്പ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam