
ഭോപ്പാൽ: മധ്യപ്രദേശിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഇത്തവണ കുട്ടികൾക്കിടയിൽ പ്രചരിച്ച 'കാർബൈഡ് ഗൺ' പൊട്ടിത്തെറിച്ച് 14 കുട്ടികൾക്ക് കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. മൂന്ന് ദിവസങ്ങൾക്കുള്ളിൽ മധ്യപ്രദേശിൽ 122-ൽ അധികം കുട്ടികളെയാണ് ഗുരുതരമായ നേത്രരോഗങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 14 കുട്ടികൾക്ക് കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നാണ് വിവരം. സർക്കാർ ഒക്ടോബർ 18-ന് നിരോധനം ഏർപ്പെടുത്തിയിട്ടും പ്രാദേശിക ചന്തകളിൽ കാർബൈഡ് ഗൺ എന്ന പേരിലറിയപ്പെടുന്ന പടക്കം പരസ്യമായി വിറ്റഴിച്ചതായാണ് വിവരം. വിദിഷ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് അപകടമുണ്ടായത്.
150 മുതൽ 200 രൂപ വരെ വിലയുള്ള ഇത് ബോംബ് പോലെ പൊട്ടിത്തെറിക്കുമെന്നതാണ് പ്രത്യേകത. കാർബൈഡ് ഗൺ വാങ്ങി പൊട്ടിച്ചപ്പോൾ കണ്ണ് പൂർണ്ണമായും കരിഞ്ഞുപോയ സ്ഥിതിയിലാണെന്നും ഒന്നും കാണാൻ പോലും കഴിയുന്നില്ലെന്നും പരിക്കേറ്റവർ പറയുന്നു. സോഷ്യൽ മീഡിയയിലെ വീഡിയോകൾ കണ്ട് പലരും പടക്ക തോക്ക് വീട്ടിൽ ഉണ്ടാക്കാനും ശ്രമിച്ചതായാണ് വിവരം.
നിയമവിരുദ്ധമായി ഇത് വിൽപ്പന നടത്തിയ ആറ് പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കാർബൈഡ് ഗണ്ണുകൾ വിൽക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മധ്യപ്രദേശ് പൊലീസ് അറിയിച്ചു. കാഴ്ച ശാശ്വതമായി നഷ്ടപ്പെടാൻ സാധ്യതയെന്ന് ഡോക്ടർമാർ
ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഗ്വാളിയോർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ യുവ രോഗികളെക്കൊണ്ട് നേത്രവിഭാഗം നിറഞ്ഞിരിക്കുകയാണ്. ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിൽ മാത്രം 72 മണിക്കൂറിനുള്ളിൽ 26 കുട്ടികളെ പ്രവേശിപ്പിച്ചു.
ഇതൊരു കളിപ്പാട്ടമല്ലെന്നും നാടൻ സ്ഫോടക വസ്തുവാണെന്നും വാങ്ങി ഉപയോഗിക്കരുതെന്നുമാണ് ഡോക്ടർമാർ മാതാപിതാക്കൾക്ക് കർശന മുന്നറിയിപ്പ് നൽകുന്നത്. ചിലർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൂടാതെ പലർക്കും പൂർണ്ണമായ കാഴ്ച ഒരിക്കലും തിരികെ ലഭിക്കാൻ സാധ്യതയില്ല. പൊട്ടിത്തെറിയിൽ പുറത്തുവരുന്ന ലോഹ ശകലങ്ങളും കാർബൈഡ് വാതകങ്ങളും കണ്ണിലെ റെറ്റിനയെ ഗുരുതരമായി ബാധിക്കുന്നു. കുട്ടികളുടെ കൃഷ്ണമണി പൊട്ടിപ്പോകുകയും കാഴ്ച ശക്തി നഷ്ടമാകുകയും ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു.
കുട്ടികൾ പ്ലാസ്റ്റിക് അല്ലെങ്കിൽ ടിൻ പൈപ്പുകൾ ഉപയോഗിച്ച്, അതിൽ വെടിമരുന്ന്, തീപ്പെട്ടിക്കോൽ തലകൾ, കാൽസ്യം കാർബൈഡ് എന്നിവ നിറച്ച് ഒരു ദ്വാരത്തിലൂടെ തീ കൊളുത്തിയാണ് ഈ 'കാർബൈഡ് ഗൺ' നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മിശ്രിതം തീ പിടിക്കുമ്പോൾ, ശക്തമായ ഒരു പൊട്ടിത്തെറി സംഭവിക്കുകയും, അത് അവശിഷ്ടങ്ങളെയും കത്തുന്ന വാതകങ്ങളെയും പുറത്തേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഇത് പലപ്പോഴും മുഖത്തും കണ്ണുകളിലും നേരിട്ട് പതിക്കുന്നതാണ് അപകടങ്ങൾക്ക് കാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam