
ദില്ലി : ഇലക്ട്രൽ ബോണ്ടിൽ സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ നല്കിയ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടു. 2019 ൽ മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഈ രേഖകൾ ഇന്നലെ കോടതി കമ്മീഷന് മടക്കി നൽകുകയും പ്രസിദ്ധീകരിക്കാൻ നിര്‍ദ്ദേശം നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2017-18 സാമ്പത്തിക വർഷം മുതലുള്ള രേഖകൾ പുറത്തു വിട്ടത്. 2019 മുതലുള്ള എസ്ബിഐ നല്കിയ ഇലക്ടറൽ ബോണ്ട് രേഖകൾ കഴിഞ്ഞ ദിവസം കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു.
2017-18 സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് കിട്ടിയത് 500 ബോണ്ടുകളാണ്. ഇതിലൂടെ 210 കോടി ബിജെപിക്ക് ലഭിച്ചു. 2019 തെരഞ്ഞെടുപ്പിന് മുമ്പ് 1450 കോടിയുടെ ബോണ്ട് ബിജെപിക്ക് ലഭിച്ചു. ഇതേ കാലയളവിൽ കോൺഗ്രസിന് 383 കോടിയാണ് കിട്ടിയത്. ഈ കാലയളവിൽ ഡിഎംകെയ്ക്ക് 656.5 കോടിയുടെ ബോണ്ട് ലഭിച്ചു. ഇതിൽ 509 കോടിയും വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കമ്പനിയിൽ നിന്നായിരുന്നു.
ഇലക്ട്രല്‍ ബോണ്ടില്‍ കൂടുതല്‍ വിവരങ്ങള്‍; അന്വേഷണം നേരിടുന്ന 11 കമ്പനികള്‍ വാങ്ങിയത് 506 കോടി
വീണ്ടും ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെ സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കൂടുതൽ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. കൂടുതൽ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളുടെ പട്ടികയിൽ മൂന്നും അന്വേഷണം നേരിടുന്നതിൻറെ തെളിവുകൾ നേരത്തെ വന്നിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷം നേരിടുന്ന നിരവധി നിർമ്മാണ കമ്പനികളും ബോണ്ടുകൾ വാങ്ങി. പതിനൊന്ന് നിർമ്മാണ കമ്പനികൾ ചേർന്ന് വാങ്ങിയത് 506 കോടിയുടെ ബോണ്ടാണ്. ഇതിൽ ചെന്നൈ ഗ്രീൻ വുഡ്സ്, വൈഎസ്ആർ കോൺഗ്രസ് എംപി അയോധ്യ രാമി റെഡ്ഡിയുമായി ബന്ധമുള്ള മധ്യപ്രദേശ് വേസ്റ്റ് മാനേജ്മെൻറ് എന്നീ സ്ഥാപനങ്ങൾ ചേർന്ന് വാങ്ങിയത് 111 കോടിയുടെ ബോണ്ടാണ്.
ആദായനികുതി വകുപ്പ് റെയിഡ് കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളിലായിരുന്നു രണ്ടു കമ്പനികളുടെയും നീക്കം. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം 115 കോടിയുടെ ബോണ്ട് വാങ്ങിയത് 2022 ഒക്ടോബറിലാണ.. സിബിഐ ഗോയങ്കയുടെ ഉടമസ്ഥതതയിലുള്ള കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയത് 2022 ജൂലൈയിലാണെന്നും രേഖകൾ വ്യക്തമാക്കുന്നു.