
ദില്ലി: രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്ത് പ്രതികരണം നടത്തിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടുമോഷണം എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം കള്ള പ്രചരണമാണെന്നാണ് കമ്മീഷന്‍റെ വിശദീകരണം. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണെന്നും കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ സമാന പരാതികൾ കേരളത്തിൽ നിന്നടക്കം ഉയർന്നു എന്നും ഇതിൽ കമ്മീഷൻ അന്വേഷണം പ്രഖ്യാപിക്കുമോ എന്നുമുള്ള ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചോദ്യത്തിന് കമ്മീഷന്‍റെ മറുപടി പറഞ്ഞു. കേരളത്തിലാകട്ടെ, കർണാടകത്തിൽ ആകട്ടെ ഉയരുന്ന പരാതികളിൽ കഴമ്പില്ലെന്നാണ് കമ്മീഷന്‍റെ മറുപടി.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ടിംഗ് നടക്കുന്ന ദിവസം മുതൽ ഫലപ്രഖ്യാപനം പൂർത്തിയായതിനുശേഷവും പരാതിയുമായി കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. 45 ദിവസത്തിനുള്ളിൽ എന്തു കൊണ്ട് ഹർജി നല്കിയില്ല? ഇത് ഒന്നും ചെയ്യാതെ ഇത്ര നാളുകൾക്കു ശേഷം പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശം എന്താണ് എന്നാണ് ആരോപണങ്ങളില്‍ കമ്മീഷന്‍റെ മറുപടി.
വോട്ടർപട്ടിക തയ്യാറാക്കിയ നീണ്ട പ്രക്രിയയ്ക്കിടയിലും പരാതി നല്കിയില്ല. ഇന്ത്യൻ പൗരൻമാർ മാത്രം വോട്ടു ചെയ്യുന്നു എന്നതും ഉറപ്പാക്കണം. എസ്ഐആറിൽ തിടുക്കം കാണിച്ചു എന്നത് കള്ളപ്രചാരണമാണ്. വോട്ടർപട്ടിക ശുദ്ധീകരിക്കേണ്ടത് തെരഞ്ഞെടുപ്പിന് മുമ്പാണ്. ചിലർ വ്യാപകമായ കള്ളം പ്രചരിപ്പിക്കുന്നു. എഐ ഉപയോഗിച്ചു വരെ നുണ പ്രചരണം നടക്കുന്നുണ്ട്.
കോടതി വിധി പാലിച്ച് സർച്ച് ചെയ്യാവുന്ന ലിസ്റ്റ് പൂർണ്ണമായും ജില്ലാ തലത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. 'മെഷീൻ റീഡബിൾ ലിസ്റ്റ്' നല്കാൻ കോടതി പറഞ്ഞിട്ടില്ല. മെഷീൻ റീഡബിൾ ലിസ്റ്റ് സ്വകാര്യതയുടെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.