രാജസ്ഥാൻ ജലോറിലെ ഖാപ് പഞ്ചായത്തില്‍ ക്യാമറയുള്ള മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്ക്. സ്ത്രീകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീകൾ ക്യാമറയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി ഖാപ് പഞ്ചായത്ത്. ജലോറിലെ 15 ഗ്രാമങ്ങളിലാണ് ഖാപ് പഞ്ചായത്ത് സ്ത്രീകൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. പുറത്തു പോകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും സ്ത്രീകൾ വീടുകളിൽ മാത്രം മൊബൈൽ ഫോൺ ഉപയോഗിക്കണം എന്നുമാണ് പഞ്ചായത്തിന്റെ ഉത്തരവ്. പഠനാവശ്യത്തിന് പെൺകുട്ടികൾക്ക് വീടുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാം എന്നും പഞ്ചായത്ത് പറഞ്ഞു. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുറയ്ക്കാനാണ് തീരുമാനമെന്ന് ഖാപ് പഞ്ചായത്ത് അധ്യക്ഷൻ വ്യക്തമാക്കി. പഞ്ചായത്ത് അധ്യക്ഷൻ ഉത്തരവ് വായിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിലക്കിനെ കുറിച്ച് പുറംലോകം അറിയുന്നത്.



