
ദില്ലി: കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവം പരിശോധിക്കുകയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മുദ്രാവാക്യം വിളിക്കുമ്പോള്‍ റിതാല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മനോജ് ചൗധരിയും വേദിയില്‍ ഉണ്ടായിരുന്നു. നിങ്ങള്‍ വീഡിയോ മുഴുവന്‍ കണ്ടതിന് ശേഷം ദില്ലിയിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കൂവെന്ന് അനുരാഗ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കാനായിരുന്നു കേന്ദ്രമന്ത്രിയുടെ യോഗത്തില്‍ മുദ്രാവാക്യം. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂര്‍ പങ്കെടുത്ത യോഗത്തിലാണ് മന്ത്രി പ്രവര്‍ത്തകരെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് 'വെടിവെക്കൂ'' മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു.
പ്രസംഗത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ വൈറലായി. 'ദേശ് കെ ഗദ്ദറോണ്‍'....എന്ന് താക്കൂര്‍ വിളിക്കുകയും 'ഗോലി മാരോ സാലോണ്‍ കോ' എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗിന്‍റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ആഹ്വാനം. അനുരാഗ് താക്കൂറിന്‍റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അനുരാഗ് താക്കൂറിന്‍റെ വിവാദ പ്രസ്താവനക്ക് ശേഷം പരിപാടിയില്‍ അമിത് ഷാ എത്തി. കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് എഎപി നേതാക്കള്‍ അറിയിച്ചു.
കേന്ദ്രധനകാര്യ സഹമന്ത്രിയായ അനുരാഗ് താക്കൂറിന് രാജ്യത്തെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാലാണ് ഇത്തരത്തില്‍ പ്രസംഗിക്കുന്നതെന്ന് എഎപി കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം എന്നിവ നേരിടുന്നതിനിടെ സഹമന്ത്രി ആളുകളെ വെടിവെച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്യുകയാണെന്നും എഎപി ആരോപിച്ചു. കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam