
ദില്ലി: ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികൾ മരിക്കുന്നത് ഇനിയും തുടരാനാവില്ലെന്ന് കോടതി പറഞ്ഞു. ബിഹാർ സർക്കാരിനൊപ്പം കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും കോടതി നോട്ടീസ് അയച്ചു. മസ്തിഷ്കജ്വരം ബാധിച്ച് 149 കുട്ടികളാണ് ഇതുവരെ മരിച്ചത്.
പോഷകാഹാര കുറവ് പരിഹരിക്കാനും ശുചിത്വം ഉറപ്പാക്കാനും എന്തൊക്കെ നടപടികൾ എടുത്തുവെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ ഒരാഴ്ച്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരുകളോട് കോടതി ആവശ്യപ്പട്ടു. കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിങ് അജ്മാനി എന്നിവർ സമർപ്പിക്കപ്പെട്ട പൊതുതാല്പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.
പൂർണമായും ഭേദമാക്കാനാവുന്ന രോഗമായിരുന്നിട്ടും സംസ്ഥാന സർക്കാരിന്‍റെ നിഷ്ക്രിയത്വമാണ് ഇത്രയധികം മരണങ്ങൾക്ക് കാരണമായതെന്നാണ് ഹർജിക്കാരുടെ വാദം. കടുത്ത ദാരിദ്ര ചുറ്റുപാടിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. മതിയായ പോഷകാഹാരങ്ങളുടെ കുറവും നിര്‍ജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam