വോട്ടിംഗ് യന്ത്രങ്ങൾ ഇനി വേണ്ട: പാർലമെന്‍റ് കവാടത്തിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ്

By Web TeamFirst Published Jun 24, 2019, 11:49 AM IST
Highlights

'നോ ടു ഇവിഎം, യെസ് ടു പേപ്പർ ബാലറ്റ്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് തൃണമൂൽ കോൺഗ്രസ് എംപിമാരടക്കം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. 

ദില്ലി: വോട്ടിംഗ് യന്ത്രം വഴിയുള്ള തെരഞ്ഞെടുപ്പ് നിർത്തണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റ് കവാടത്തിൽ തൃണമൂൽ കോൺഗ്രസ് എംപിമാരുടെ നേതൃത്വത്തിൽ പ്രതിഷേധം. ബാലറ്റ് പേപ്പർ ഉപയോ​ഗിച്ച് തെരഞ്ഞെടുപ്പുകൾ നടത്തണമെന്നാണ് ആവശ്യപ്പെട്ട് രാവിലെ പത്ത് മണിയോടുകൂടി തൃണമൂൽ പ്രവർത്തകർ പാർലമെന്‍റിന് മുന്നിൽ ധർണ ആരംഭിച്ചത്. 

'നോ ടു ഇവിഎം, യെസ് ടു പേപ്പർ ബാലറ്റ്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് തൃണമൂൽ കോൺഗ്രസ് എംപിമാരടക്കം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. പാർലമെന്‍റിന് മുന്നിലുള്ള മഹാത്മാ​ഗാന്ധി പ്രതിമയ്ക്ക് മുന്നിൽവച്ചാണ് പ്രതിഷേധം നടത്തുന്നത്. അതേസമയം, ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്ന സംവിധാനം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു.

"

ജൂലായ് 21-ന് പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്നും രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ഏകമാര്‍ഗം ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മടങ്ങുകയെന്നതാണെന്നും മമത പറഞ്ഞിരുന്നു. 'ഒറ്റ രാജ്യം, ഒറ്റത്തെരഞ്ഞെടുപ്പ്' എന്ന പദ്ധതി നടപ്പാക്കാനാകുമോ എന്ന് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് മമതാ ബാനർജി വിട്ടു നിന്നിരുന്നു. 2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടുകാട്ടിയെന്നും മമത ആരോപിച്ചു. വോട്ടിങ് യന്ത്രങ്ങള്‍ ഇനി ഉപയോഗിക്കേണ്ടതില്ല എന്നതാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നിലപാട്.

click me!