
ശ്രീനഗർ: അതിർത്തിയിൽ പാക് പ്രകോപനം തുടരുന്നു. ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ജയ്ഷ് ഇ മുഹമ്മദ് ഭീകരവാദികളെ വധിച്ചു. ഷോപ്പിയാനിലെ മീമന്ദർ മേഖലയിൽ ഭീകരവാദികൾ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടർന്നാണ് സുരക്ഷാ സേന ഇവിടെ തെരച്ചിൽ നടത്തിയത്.
തെരച്ചിലിനിടെ ഒരു കെട്ടിടത്തിൽ നിന്ന് സുരക്ഷാ സേനയ്ക്ക് നേരെ വെടിവയ്പുണ്ടായി. സേന ശക്തമായി തിരിച്ചടിച്ചു. ഈ ഏറ്റുമുട്ടലിലാണ് രണ്ട് ജയ്ഷ് തീവ്രവാദികളെ വധിച്ചത്. അഞ്ച് സൈനികർക്കും ഏറ്റുമുട്ടലിൽ നിസ്സാര പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തുടർന്ന് കെട്ടിടത്തിൽ സേന വ്യാപകമായി തെരച്ചിൽ നടത്തി. ഇവിടെ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തുകയായിരുന്നു.
അതേസമയം അതിർത്തിയിൽ ഗ്രാമീണരെ മറയാക്കി പാകിസ്ഥാൻ മോർട്ടാർ ഷെല്ലാക്രമണം നടത്തുകയാണ്. ഉറി, പൂഞ്ച്, രജൗരി അടക്കമുള്ള മേഖലകളിലും വലിയ രീതിയിൽ ആക്രമണമുണ്ടായി. അതിർത്തിയിലെ പാക് സൈനികപോസ്റ്റ് ഇന്ത്യ ആക്രമിച്ച് തകർത്ത് തിരിച്ചടിച്ചു. ജനവാസമേഖലയിലേക്ക് ഏറ്റുമുട്ടലിന്‍റെ ആഘാതമുണ്ടാകാതിരിക്കാൻ ഇന്ത്യൻ സൈന്യം ശ്രദ്ധിക്കുന്നുണ്ട്. രജൗരിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചില ഗ്രാമങ്ങൾ സൈന്യം ഒഴിപ്പിച്ചിട്ടുമുണ്ട്.
പഞ്ചാബ്, ഹരിയാന അതിർത്തിപ്രദേശങ്ങളിൽ സൈന്യം കനത്ത ജാഗ്രതയിലാണ്. ഇന്നലെ രാജസ്ഥാനിലെ അതിർത്തിപ്രദേശത്ത് കണ്ട പാകിസ്ഥാനി ഡ്രോൺ ഇന്ത്യ വെടിവച്ചിട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam