
ദില്ലി: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് ദില്ലിയില്‍ ചേരും. പൊതുമിനിമം പരിപാടിയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കപ്പുറം പുല്‍വാമ ഭീകരാക്രമണവും ഇന്ത്യയുടെ തിരിച്ചടിയുമടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് തീരുമാനം. രണ്ടാം മിന്നലാക്രമണത്തിന് ശേഷം മോദിയെ കരുത്തനായി ഉയര്‍ത്തിക്കാട്ടുകയാണ് ബിജെപി. ഈ സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് പ്രതിപക്ഷപാർട്ടികൾ കൂട്ടായി ചർച്ച ചെയ്യും.
എന്നാല്‍ വ്യോമസേനയുടെ കരുത്തെന്ന നിലയിലാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ കാണുന്നത്. പാകിസ്ഥാന് ഇന്ത്യ നല്‍കിയ തിരിച്ചടി വിശദീകരിക്കാന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ഇന്നലെ വിളിച്ച യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിന് പിന്തുണ അറിയിച്ചിരുന്നു.
നേരത്തെ ചേര്‍ന്ന പ്രതിപക്ഷത്തിന്‍റെ ആലോചനാ യോഗം പൊതു മിനിമം പരിപാടിയുടെ കരട് തയാറാക്കാന്‍ കോണ്‍ഗ്രസിനെ ചുമതലപ്പെടുത്തിയിരുന്നു. തൃണമൂല്‍, ടിഡിപി, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി എന്നീ പാർട്ടികളുടെ പ്രതിനിധികളാണ് കോണ്‍ഗ്രസിനെ കൂടാതെ ഇന്നത്തെ യോഗത്തിനെത്തുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. ആദ്യം പങ്കെടുക്കില്ലെന്ന് ഇടത് പാർട്ടികൾ വ്യക്തമാക്കിയിരുന്നെങ്കിലും മാറിയ സാഹചര്യത്തിൽ യോഗത്തിനെത്താനാണ് തീരുമാനം.
തെരഞ്ഞെടുപ്പിന് മുമ്പ് സാധ്യമായ സ്ഥലങ്ങളില്‍ പ്രതിപക്ഷ ഐക്യത്തോടെ മത്സരിക്കാനാണ് പൊതു തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam