150 എന്‍കൗണ്ടറുകള്‍ നടത്തിയ ക്രിമിനലുകളുടെ പേടിസ്വപ്നം പ്രദീപ് ശര്‍മ രാജി നല്‍കി, ബിജെപിയിലേക്ക്?

By Web TeamFirst Published Jul 20, 2019, 11:27 AM IST
Highlights

പൊലീസ് വേഷം അഴിച്ച് വച്ച് ഇനി രാഷ്ട്രീയ കുപ്പായത്തിലേക്ക് മാറാനാണ് പ്രദീപിന്‍റെ തീരുമാനം എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ അന്ധേരിയില്‍ നിന്നോ നലാസോപ്പാരയില്‍ നിന്നോ ജനവിധി തേടുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു

അന്ധേരി: മഹാരാഷ്ട്ര പൊലീസിലെ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് പ്രദീപ് ശര്‍മ തന്‍റെ സര്‍വീസ് അവസാനിപ്പിക്കുന്നു. 150 കൊടും കുറ്റവാളികളെ എന്‍കൗണ്ടര്‍ ചെയ്തിട്ടുള്ള പ്രദീപ് ശര്‍മ 35 വര്‍ഷം നീണ്ട പൊലീസ് സര്‍വീസ് അവസാനിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

താനെ ആന്‍റി എക്സ്ടോര്‍ഷന്‍ സെല്ലിന്‍റെ തലവനായി സ്ഥാനം വഹിക്കുന്ന പ്രദീപ് ശര്‍മ ഡിജിപിക്ക് രാജിക്കത്ത് അയച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ് അദ്ദേഹം. പൊലീസ് വേഷം അഴിച്ച് വച്ച് ഇനി രാഷ്ട്രീയ കുപ്പായത്തിലേക്ക് മാറാനാണ് പ്രദീപിന്‍റെ തീരുമാനം എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

അദ്ദേഹം ബിജെപിയില്‍ ചേര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ അന്ധേരിയില്‍ നിന്നോ നലാസോപ്പാരയില്‍ നിന്നോ ജനവിധി തേടുമെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രദീപ് ശര്‍മ ശിവസേന ടിക്കറ്റില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് മറ്റൊരു അഭ്യൂഹം.

സസ്പെന്‍ഷന് ശേഷം അടുത്ത കാലത്താണ് പ്രദീപ് ശര്‍മ തിരികെ സര്‍വീസില്‍ പ്രവേശിച്ചത്. വ്യാജ ഏറ്റുമുട്ടല്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രദീപ് ശര്‍മ സസ്പെന്‍ഷനിലായത്.

കേസില്‍ പ്രദീപ് അടക്കം 13 പൊലീസുകാരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് 2008ല്‍ പ്രദീപ് സസ്പെന്‍ഷനിലായി.  2013ല്‍ കേസില്‍ കുറ്റവിമുക്തനായെങ്കിലും അന്നത്തെ കോണ്‍ഗ്രസ് -എന്‍സിപി സര്‍ക്കാര്‍ പ്രദീപിനെ തിരികെ സര്‍വീസില്‍ എടുക്കുന്ന കാര്യത്തില്‍ താത്പര്യം കാണിച്ചില്ല. എന്നാല്‍, രാഷ്ട്രീയത്തിലേക്ക് പ്രദീപ് ഇറങ്ങുമെന്നുള്ള സൂചനകള്‍ വന്നതോടെ അവസാനം സസ്പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

ദാവൂദിന്‍റെ സഹോദരന്‍ ഇഖ്ബാല്‍ കാസ്കറിനെ അറസ്റ്റ് ചെയ്തതടക്കം പൊലീസ് സേനയിലെ കരുത്തനായാണ് പ്രദീപ് ശര്‍മ അറിയപ്പെടുന്നത്. ടെെം മാഗസിന്‍റെ കവര്‍ചിത്രം  വരെ ആയിട്ടുള്ള പ്രദീപ് ശര്‍മ മുംബെെ അധോലോകത്തെ വിറപ്പിച്ച ഉദ്യോഗസ്ഥനാണ്.

click me!